ബ്ലാസ്റ്റേഴ്സിനു പരാജയത്തോടെ മടക്കം; സെമി ഉറപ്പിച്ച് നോർത്തീസ്റ്റ്

ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയത്തോടെ മടക്കം. നോർത്തീസ്റ്റ് യുണൈറ്റഡിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് അടിയറവു പറഞ്ഞത്. മലയാളി താരം വിപി സുഹൈർ, അപുയ എന്നിവരാണ് നോർത്തീസ്റ്റിനായി ഗോളുകൾ നേടിയത്. രണ്ട് ഗോളുകളും ആദ്യ പകുതിയിലായിരുന്നു. ജയത്തോടെ നോർത്തീസ്റ്റ് യുണൈറ്റഡ് സെമി ഉറപ്പിച്ചു.
ബ്ലാസ്റ്റേഴ്സിൻ്റെ ആക്രമണങ്ങളോടെയാണ് കളി തുടങ്ങിയത്. നോർത്തീസ്റ്റ് തിരിച്ചും ആക്രമണങ്ങൾ മെനഞ്ഞതോടെ കളി ബലാബല പ്രകടനമായി മാറി. 34ആം മിനിട്ടിൽ വിപി സുഹൈറിലൂടെ നോർത്ത് ഈസ്റ്റ് ആദ്യ ഗോളടിച്ചു. ബക്കാരി കോനെയുടെ ഡിഫൻസ് പിഴവിൽ നിന്ന് പന്ത് തട്ടിയെടുത്ത സുഹൈർ സന്ദീപ് സിംഗിനെയും ആൽബീനോ ഗോമസിനെയും മറികടന്നാണ് ഗോൾ നേടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ നോർത്തീസ്റ്റ് രണ്ടാം ഗോളും നേടി. ഡിലൻ ഫോക്സിൻ്റെ പാസിൽ നിന്ന് ഒരു ബുള്ളറ്റ് ഷോട്ടിലൂടെയാണ് അപുയ വല കുലുക്കിയത്. സുഹൈറിൻ്റെയും യുവതാരം നേടിയ വണ്ടർ ഗോളിൻ്റെയും ബലത്തിൽ നോർത്തീസ്റ്റ് ആദ്യ പകുതി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു.
രണ്ടാം പകുതിയിലും ബലാബലം ആക്രമണം നടത്തിയ ടീമുകൾക്ക് പക്ഷേ, ലക്ഷ്യം ഭേദിക്കാനായില്ല. ഒരു ഗോൾ മടക്കാനായി ബ്ലാസ്റ്റേഴ്സ് കിണഞ്ഞു ശ്രമിച്ചെങ്കിലും നോർത്തീസ്റ്റ് പ്രതിരോധം ഇളകിയില്ല. രണ്ട് ഗോൾ ലീഡിൻ്റെ ബലത്തിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയെ കാര്യമായി പരീക്ഷിക്കാൻ നോർത്തീസ്റ്റ് ശ്രമിച്ചതുമില്ല.
Story Highlights – northeast united won against kerala blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here