വിരമിച്ചതിനു പിന്നാലെ യൂസുഫ് പത്താൻ ഇന്ത്യ ലെജൻഡ്സ് ടീമിൽ; റോഡ് സേഫ്റ്റി സീരീസിൽ കളിക്കും

ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനു പിന്നാലെ ഇന്ത്യൻ ഓൾറൗണ്ടർ യൂസുഫ് പത്താൻ റോഡ് സേഫ്റ്റി വേൾഡ് സീരീസിനുള്ള ഇന്ത്യ ലെജൻഡ്സ് ടീമിൽ ഇടം നേടി. സച്ചിൻ, സേവാഗ്, സഹീർ ഖാൻ തുടങ്ങി മികച്ച താരങ്ങൾ ടീമിലുണ്ട്. മാർച്ച് അഞ്ചിനാണ് റോഡ് സേഫ്റ്റി വേൾഡ് സീരീസ് ആരംഭിക്കുക. മാർച്ച് 21നാണ് ഫൈനൽ.
നേരത്തെ നീണ്ട ഒരു കുറിപ്പിലൂടെയാണ് യൂസുഫ് പത്താൻ വിരമിക്കൽ തീരുമാനം അറിയിച്ചത്. ആരാധകരോടും ടീമിനോടും സുഹൃത്തുക്കളോടും കുടുംബത്തോടുമൊക്കെ പത്താൻ നന്ദി അറിയിച്ചു.
Read Also : യൂസുഫ് പഠാൻ വിരമിക്കുന്നു
“ഞാൻ ഔദ്യോഗികമായി ക്രിക്കറ്റിൻ്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുന്നു. എനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും എൻ്റെ കുടുംബം, സുഹൃത്തുക്കൾ, ആരാധകർ, ടീം എന്നിവർക്കൊപ്പം രാജ്യത്തിനാകമാനം നന്ദി അറിയിക്കുന്നു. ഭാവിയിലും നിങ്ങൾ എന്നെ പ്രചോദിപ്പിക്കുമെന്ന് എനിക്കുറപ്പുണ്ട്.”- യൂസുഫ് പത്താൻ കുറിച്ചു.
ലോകകപ്പ് വിജയങ്ങളും സച്ചിനെ ചുമലിൽ ഏറ്റിയതുമാണ് താൻ ഏറെ വിലമതിക്കുന്ന ഓർമ്മകൾ എന്ന് യൂസുഫ് പറഞ്ഞു. ഇന്ത്യക്കായി അരങ്ങേറുമ്പോൾ ക്യാപ്റ്റനായിരുന്ന എംഎസ് ധോണി, ഐപിഎലിൽ അരങ്ങേറുമ്പോൾ ക്യാപ്റ്റനായിരുന്ന ഷെയിൻ വോൺ, രഞ്ജി അരങ്ങേറുമ്പോൾ ക്യാപ്റ്റനായിരുന്ന ജേക്കബ് മാർട്ടിൻ, രണ്ട് ഐപിഎൽ ട്രോഫികൾ വിജയിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ക്യാപ്റ്റൻ ഗൗതം ഗംഭീർ എന്നിവർക്കൊക്കെ താൻ നന്ദി അറിയിക്കുന്നു. കരിയറിൻ്റെ ഉയർച്ചയിലും താഴ്ചയിലും പിന്തുണച്ച സുഹൃത്ത് ഇർഫാൻ പത്താനും നന്ദി അറിയിക്കുന്നു എന്നും യൂസുഫ് പത്താൻ അറിയിച്ചു.
ഇന്ത്യക്കായി 57 ഏകദിനങ്ങളിലും 22 ടി-20കളിലും വേഷമിട്ട താരമാണ് യൂസുഫ് പത്താൻ. കൂറ്റനടിക്കാരനായ യൂസുഫ് ഇന്ത്യക്കായി ചില മികച്ച പ്രകടനങ്ങളും നടത്തിയിട്ടുണ്ട്. 57 ഏകദിനങ്ങളിൽ നിന്ന് 810 റൺസും 33 വിക്കറ്റുകളും അദ്ദേഹത്തിനുണ്ട്. 2012നു ശേഷം അദ്ദേഹം ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. 22 ടി-20കളിൽ നിന്ന് 236 റൺസും 13 വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി. 174 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 3204 റൺസും 42 വിക്കറ്റും അദ്ദേഹത്തിനുണ്ട്.
Story Highlights – Yusuf Pathan announces retirement from cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here