താമരശേരി ബിഷപ്പുമായി മുസ്ലീംലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

താമരശേരി ബിഷപ്പുമായി മുസ്ലീംലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. തിരുവമ്പാടിയില്‍ ലീഗ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്ത് ഇവിടെ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് സഭ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ദീര്‍ഘനാളായി തിരുവമ്പാടിയില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ഉമ്മര്‍ മൂവായിരത്തിലേറെ വോട്ടുകള്‍ക്ക് ഇവിടെ പരാജയപ്പെട്ടിരുന്നു. സഭയുടെ അതൃപ്തിയാണ് തോല്‍വിക്ക് കാരണമെന്ന് ലീഗ് നേതൃത്വത്തിന് നേരത്തെ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് സഭയുടെ പിന്തുണ ഉറപ്പാക്കാനായി പി.കെ. കുഞ്ഞാലിക്കുട്ടിയും ഡോ.എം.കെ. മുനീറും ഇ. ടി. മുഹമ്മദ് ബഷീറും താമരശേരി ബിഷപ്പ് റമീജിയോസ് ഇഞ്ചനാനിയേലിനെ കണ്ടത്.
താമരശേരി സഭാ വിശ്വാസികള്‍ ഏറെയുള്ള സ്ഥലമാണ് തിരുവമ്പാടിയെന്നും സഭയില്‍ നിന്നൊരാള്‍ തന്നെ മത്സരിക്കണമെന്നുമുള്ള ഉറച്ച നിലപാട് ലീഗിനെ അറിയിച്ചതായാണ് സൂചന. ഇക്കാര്യം നേരത്തെ സഭാ നേതൃത്വം കോണ്‍ഗ്രസ് നേതാക്കളെയും അറിയിച്ചിരുന്നു.എന്നാല്‍ കാലാകാലങ്ങളായി മത്സരിക്കുന്ന സീറ്റ് വിട്ടു നല്‍കേണ്ടെന്ന നിലപാടിലാണ് ലീഗ് നേതൃത്വം. തിരുവമ്പാടിയിലേക്ക് നാലു പേരടങ്ങുന്ന സ്ഥാനാര്‍ത്ഥിപട്ടികയും ലീഗ് തയാറാക്കി കഴിഞ്ഞു.
Story Highlights – Muslim League leaders met Thamarassery Bishop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here