നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി സുപ്രിംകോടതി അനുവദിച്ചു

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി സുപ്രിംകോടതി അനുവദിച്ചു. വിചാരണ കോടതി ജഡ്ജിയുടെ കത്ത് പരിഗണിച്ചാണ് സുപ്രിംകോടതിയുടെ നടപടി. കേസില്‍ ഇനി സമയം നീട്ടി നല്‍കില്ലെന്നും വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു.
കേരള ഹൈക്കോടതി റജിസ്ട്രാര്‍ ജുഡീഷ്യല്‍ മുഖേനയാണ് വിചാരണ കോടതി ജഡ്ജി സുപ്രിംകോടതിക്ക് കത്ത് നല്‍കിയത്. വിചാരണ കോടതി ജഡ്ജിയുടെ കത്ത് പരിഗണിച്ച ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ആറ് മാസം സമയം കൂടി വിചാരണ പൂര്‍ത്തിയാക്കാന്‍ അനുവദിച്ചു. കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെയും പിന്നിട് സുപ്രിംകോടതിയെയും ഹര്‍ജിയുമായി സമീപിച്ചിരുന്നു. ഇത് വിചാരണ നീളാന്‍ കാരണമായതായാണ് വിചാരണ കോടതി ജഡ്ജി കത്തില്‍ വ്യക്തമാക്കിയത്.
കേസ് മാറ്റാനുള്ള പെറ്റിഷനുകളും പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതും സുപ്രിംകോടതി നിര്‍ദ്ദേശിച്ച സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ തടസമായെന്ന വാദം സുപ്രിംകോടതി അംഗീകരിക്കുകയായിരുന്നു. എ. സുരേശന്‍ രാജി വയ്ക്കുകയും വി.എന്‍. അനില്‍കുമാറിനെ സര്‍ക്കാര്‍ പബ്ലിക് പ്രോസിക്യുട്ടര്‍ ആയി നിയമിക്കുകയും ചെയ്തിരുന്നു. ഇനി വിചാരണ കാലാവധി നീട്ടി നല്‍കില്ലെന്നും ജസ്റ്റിസ് ഖാന്‍ വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights – actress attack case – Supreme Court allowed six more months to complete the trial
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here