Advertisement

അലങ്കാര പക്ഷികളെയും വന്യജീവികളെയും വീട്ടില്‍ വളര്‍ത്താമോ? അറിയേണ്ട കാര്യങ്ങള്‍

March 3, 2021
3 minutes Read

അലങ്കാര പക്ഷികളെ വീട്ടില്‍ വളര്‍ത്താന്‍ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. ചിലര്‍ക്ക് അവ സ്വസ്ഥമായി പറന്നുനടക്കുന്നത് കാണാനാകും ഇഷ്ടം. എന്നാല്‍ അലങ്കാര പക്ഷികളെ വളര്‍ത്തിയാല്‍ നിയമവിരുദ്ധമാകുമോ എന്ന് സംശയിക്കുന്നവരാകും ചിലരെങ്കിലും. അതിനാല്‍ തന്നെ ഇഷ്ടപ്പെട്ട പക്ഷികളെയും മൃഗങ്ങളെയും വളര്‍ത്താന്‍ സാധിക്കാത്തവരുമുണ്ടാകും. ഇങ്ങനെ അലങ്കാര പക്ഷികളെ വളര്‍ത്തുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ പരിശോധിക്കാം.

  • വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നത് നിയമവിരുദ്ധമാണോ

വന്യമൃഗങ്ങളെയും പക്ഷികളെയും വീട്ടില്‍ വളര്‍ത്താന്‍ പാടില്ല. വന്യജീവി സംരക്ഷണ നിയമത്തിന്റെ പലവിധ ഷെഡ്യൂളുകളില്‍ ഉള്‍പ്പെടുത്തി സംരക്ഷണം നല്‍കി പോകുന്ന ജീവികളാണിവ. അവയെ വീട്ടില്‍ വളര്‍ത്താന്‍ പാടില്ല. വന്യജീവി സംരക്ഷണ നിയമത്തില്‍ എടുത്തുപറഞ്ഞിട്ടുള്ള ചില പ്രത്യേക ആവശ്യങ്ങള്‍ക്കായി ചില പ്രത്യേക വന്യജീവികളെ കേരളാ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ മുന്‍കൂര്‍ രേഖാമൂലമുള്ള അനുമതിയോടുകൂടി കൈവശം വയ്ക്കുന്നതിനും പഠനം നടത്തുന്നതിനും അനുമതി നല്‍കാറുണ്ട്.

  • വിദേശത്തുനിന്നുള്ള അലങ്കാര പറവകളെയും മറ്റുജീവികളെയും നാട്ടില്‍ വളര്‍ത്തുന്നതിനുള്ള നിയന്ത്രണങ്ങള്‍ എന്തൊക്കെ?

നമ്മുടെ നാട്ടിലും വനങ്ങളിലും കാണപ്പെടുന്ന പക്ഷികളും വന്യജീവികളുമല്ലാതെ വിദേശത്തുനിന്നുള്ള വര്‍ണ പക്ഷികളെയും ഇഗ്വാന പോലുള്ള ജീവികളെയും വളര്‍ത്തുന്നത് വന്യജീവി സംരക്ഷണ നിയമ പ്രകാരം കുറ്റകരമല്ല. കാരണം അവ വന്യജീവി സംരക്ഷണ വകുപ്പിന്റെ ഷെഡ്യൂളുകളില്‍ ഉള്‍പ്പെടുന്ന, സംരക്ഷണം ആവശ്യമുള്ള ജീവികളുടെ പട്ടികയില്‍ പെടുന്നവയല്ല. എന്നാല്‍ ചില ജീവികളെ പരിവേഷിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. (www.parivesh.nic.in)

  • പെറ്റ് ഷോപ്പുകളില്‍ വന്യജീവികളെ വില്‍ക്കുന്നതും വാങ്ങുന്നതും കുറ്റമാണോ?

പെറ്റ് ഷോപ്പുകളില്‍ സാധാരണ വില്‍പ്പന നടത്തുന്ന അലങ്കാര പക്ഷികള്‍, ചെറിയ ജീവികള്‍, അലങ്കാര മത്സ്യങ്ങള്‍ എന്നിവയെ വാങ്ങുന്നതിനോ വളര്‍ത്തുന്നതിനോ നിയമ തടസമില്ല. എന്നാല്‍ ഇത്തരം അലങ്കാര പക്ഷികള്‍ക്കൊപ്പം വന്യജീവി വിഭാഗത്തില്‍ വരുന്ന ജീവികളെയും പക്ഷികളെയും പെറ്റ്‌ഷോപ്പുകളില്‍ വില്‍ക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്.

  • വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള നടപടികള്‍ എന്തൊക്കെയാണ്.?

വന്യജീവികളെ കൈവശം വയ്ക്കുകയോ അവയെ ഉപദ്രവിക്കുകയോ, അവയുടെ ആവസ വ്യവസ്ഥ നശിപ്പിക്കുകയോ ചെയ്താല്‍ മൂന്നു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

യാത്രയ്ക്കിടയിലോ മറ്റോ അപകടം പറ്റിയോ പരുക്ക് പറ്റിയോ ഏതെങ്കിലും വന്യജീവിയെയോ പക്ഷിക്കുഞ്ഞിനെയോ കണ്ടെത്തിയാല്‍ അതിന്റെ സംരക്ഷണാര്‍ത്ഥം വനംവകുപ്പിന്റെ ടോള്‍ഫ്രീ നമ്പരുമായി ബന്ധപ്പെടാവുന്നതാണ്. (കേരള വനം വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പര്‍- 1800 425 4733)

ജനവാസ മേഖലകളില്‍ ഏതെങ്കിലും മനുഷ്യര്‍ക്ക് ഭീഷണിയുണ്ടാകുന്ന വിധത്തില്‍ പാമ്പുകളെയോ മറ്റോ കണ്ടാല്‍ വനംവകുപ്പിന്റെ ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

(കടപ്പാട് – മുഹമ്മദ് അന്‍വര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഫോറസ്റ്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, അരിപ്പ), കേരളാ പൊലീസ് ഫേസ്ബുക്ക് പേജ് )

https://fb.watch/3-qEImBmhr/

Story Highlights – Can I keep birds at home ? Things to know

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top