സർക്കാർ കർഷകരെ ശത്രുക്കളായി കാണുന്നു: അഖിലേഷ് യാദവ്

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമാജ് വാദി പാർട്ടി പ്രസിഡൻ്റ് അഖിലേഷ് യാദവ്. അധികാരത്തിൻ്റെ ഗർവ് സർക്കാരിനെ അന്ധരും ബധിരരുമാക്കി എന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. കർഷകരെ സർക്കാർ ശത്രുക്കളായാണ് കാണുന്നതെന്നും ഇത്തരം ധാർഷ്ട്യം നിറഞ്ഞ നിയമങ്ങളെ ബഹിഷ്കരിക്കാൻ അവർക്കും കരുത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുപിയിൽ സംഘടിപ്പിച്ച കർഷക മഹാപഞ്ചായത്തിൽ സംസാരിക്കുകയായിരുന്നു അഖിലേഷ്.
“സമരത്തിനിടെ 200ലധികം കർഷകർക്ക് ജീവൻ നഷ്ടമായി. പക്ഷേ, മോദി സർക്കാർ ഇപ്പോഴും അവരെ ശത്രുക്കളായാണ് കാണുന്നത്. അതിർത്തിയിൽ അവരെ തടയുകയും ചെയ്യുന്നു. ധാർഷ്ട്യം നിറഞ്ഞ ഇത്തരം നിയമങ്ങളെ ബഹിഷ്കരിക്കാൻ കർഷകർക്ക് ശക്തിയുണ്ടെന്ന കാര്യം സർക്കാർ വിസ്മരിക്കരുത്. ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് അധികാരം നൽകിയ ബ്രിട്ടീഷ് പാർലമെൻ്റിൻ്റെ കാര്യം മനസ്സിലാക്കണം. ചരിത്രം ആവർത്തിക്കുകയാണ്. ഒരു കൂട്ടം കോർപറേറ്റുകൾക്ക് സർക്കാർ അധികാരം നൽകുകയാണ്.”- അഖിലേഷ് യാദവ് പറഞ്ഞു.
അതേസമയം, ഡൽഹി അതിർത്തികളിലെ കർഷക സമരം നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ ഇതുവരെയും തയ്യാറായിട്ടില്ല. നിയമം പിൻവലിക്കും വരെ സമരം തുടരാനാണ് കർഷക സംഘടനകളുടെ തീരുമാനം.
Story Highlights – Government Treating Farmers As Enemies, Says Akhilesh Yadav
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here