പശ്ചിമ ബംഗാളിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥി പട്ടിക മമത ബാനര്‍ജി ഇന്ന് പ്രഖ്യാപിക്കും

പശ്ചിമ ബംഗാളിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥി പട്ടിക മമത ബാനര്‍ജി ഇന്ന് പ്രഖ്യാപിക്കും. ബംഗാളിലെ 294 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ ഒറ്റഘട്ടമായി പ്രഖ്യാപിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. കാളിഘട്ടിലെ വസതിയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.
ഇത്തവണ മമത ബാനര്‍ജി നന്ദിഗ്രാമില്‍ മാത്രമാകും മത്സരിക്കുക എന്നാണ് സൂചന. ശിവരാത്രി ദിനത്തില്‍ മമത നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനാണ് തീരുമാനം. ആരോപണവിധേയരെ ഒഴിവാക്കി പരമാവധി പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് തൃണമൂലിന്റെ സ്ഥാനാര്‍ത്ഥി പട്ടികയെന്ന് നേതൃത്വം അറിയിച്ചു. അബ്ബാസ് സിദ്ധിഖിയുടെ ഐഎസ് എഫ്, യുണൈറ്റഡ് ഫ്രണ്ടിന്റെ ഭാഗമായി മത്സരിക്കുന്ന സാഹചര്യത്തില്‍ ന്യൂനപക്ഷ വോട്ടുകളിലെ ചോര്‍ച്ച തടയാന്‍ മമത പ്രാദേശിക നേതാക്കള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സിപിഐഎമ്മിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥിപട്ടികയും ഇന്ന് പ്രഖ്യാപിക്കും. ശനിയാഴ്ച ചേരുന്ന കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ബംഗാളിലെ ആദ്യ രണ്ടു ഘട്ട സ്ഥാനാര്‍ത്ഥികളുടെ പട്ടികക്ക് അന്തിമ രൂപം നല്‍കും. ബംഗാളില്‍ ബിജെപി 200 ലേറെ സീറ്റുകള്‍ നേടുമെന്നും മമത ബാനര്‍ജിയുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞെന്നും, മെയ് മൂന്നിന് ബംഗാളില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമെന്നും ബിജെപി എംപി തേജസ്വി സൂര്യ പറഞ്ഞു.
Story Highlights – TMC Candidate List
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here