ആഗോളതലത്തിൽ ഇന്ത്യയുടെ പാരമ്പര്യത്തിന് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നത് മതേതരത്വം: യോഗി ആദിത്യനാഥ്

ആഗോളതലത്തിൽ ഇന്ത്യയുടെ പാരമ്പര്യത്തിന് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്ന സംഗതി മതേതരത്വമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമായണം എൻസൈക്ലോപീഡിയയുടെ അവതരണ ചടങ്ങിലാണ് ആദിത്യനാഥിൻ്റെ പ്രസ്താവന. ശ്രീരാമൻ്റെ കഥ പറയുന്ന രാമലേല ലോകമെമ്പാടും അവതരിപ്പിക്കണമെന്നും ആദിത്യനാഥ് പറഞ്ഞു.
“ആഗോളതലത്തിൽ ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യത്തിന് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നത് മതേതരത്വം എന്ന വാക്കാണ്. ഇതാണ് ഏറ്റവും വലിയ തടസം. അതിൽ നിന്ന് അകന്നുമാറി ശുദ്ധവും സാന്മാർഗികവും ആരോഗ്യകരവുമായ ഒരു ജീവിതം നമ്മൾ നയിക്കണം.”- ആദിത്യനാഥ് പറഞ്ഞു.
രാമായണത്തിലെ സ്ഥലങ്ങളും ആളുകളും നിലവിൽ ഉണ്ടായിരുന്നതാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ” ഇപ്പോഴും ചില ആളുകൾ രായോധ്യയിൽ രാമൻ ഉണ്ടായിരുന്നോ എന്ന് സംശയം പ്രകടിപ്പിക്കാറുണ്ട്. പക്ഷേ, ചരിത്ര സത്യങ്ങൾ അവഗണിക്കാനാവില്ല. സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് വെറും സങ്കല്പമല്ല. പുഷ്പക വിമാനത്തിൽ ശ്രീലങ്കയിൽ നിന്ന് രാമൻ തിരികെ വന്നു. നടന്നിരുന്നെങ്കിൽ അതിന് വർഷങ്ങൾ വേണ്ടിവന്നേനെ. ആ സമയത്ത് വിമാനങ്ങൾ ഉണ്ടായിരുന്നു. അക്കാലത്തെ ശാസ്ത്രത്തിൽ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ഈ കാര്യങ്ങളൊക്കെ പറയുന്ന രാമലീല ലോകമെമ്പാടും അവതരിപ്പിക്കണം.”- അദ്ദേഹം കൂട്ടിച്ചേർത്തു.
അയോധ്യ റിസർച്ച ഇൻസ്റ്റിറ്റ്യൂട്ട് ആണ് രാമായണം എൻസൈക്ലോപീഡിയയുടെ ഗ്ലോബൽ എഡിഷൻ തയ്യാറാക്കിയത്. ഇത് ഒരു ഇ-ബുക്ക് ആണ്.
Story Highlights – Secularism biggest threat to India’s tradition on global stage yogi adityanath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here