ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച; ദക്ഷിണാഫ്രിക്കൻ വനിതകൾക്ക് കൂറ്റൻ ജയം

ഇന്ത്യൻ വനിതകൾക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ ജയം. 8 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ കീഴ്പ്പെടുത്തിയത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 177 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിൽ 40.1 ഓവറിൽ 2 വിക്കറ്റ് നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക വിജയിക്കുകയായിരുന്നു. ലിസൽ ലീ (83), ലോറ വോൾവാർട്ട് (80) എന്നിവരുടെ ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയെ കൂറ്റൻ ജയത്തിലെത്തിച്ചത്. മിതാലി രാജ് (50), ഹർമൻപ്രീത് കൗർ (40) എന്നിവർക്ക് മാത്രമേ ഇന്ത്യക്ക് വേണ്ടി തിളങ്ങാനായുള്ളൂ. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഷബ്നിം ഇസ്മയിൽ 3 വിക്കറ്റ് വീഴ്ത്തി.
ഒരു വർഷത്തെ ഇടവേളക്ക് ശേഷം കളത്തിലിറങ്ങിയ ഇന്ത്യൻ വനിതകൾക്ക് തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു ഇന്ന്. സ്കോർ ബോർഡിൽ 16 റൺസ് ആയപ്പോഴേക്കും ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. നാലാം വിക്കറ്റിൽ ഹർമൻപ്രീത് കൗർ- മിതാലി രാജ് കൂട്ടുകെട്ടാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 62 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. ഹർമൻ പുറത്തായതിനു ശേഷം അഞ്ചാം വിക്കറ്റിൽ മിതാലി രാജ്- ദീപ്തി ശർമ്മ സഖ്യവും ഇന്ത്യയെ മുന്നോട്ടുനയിച്ചു. ഇരുവരും ചേർന്ന് 52 റൺസിൻ്റെ കൂട്ടുകെട്ടുയർത്തു. 5 വിക്കറ്റിന് 154 റൺസ് എന്ന നിലയിൽ നിന്നാണ് ഇന്ത്യ തകർന്നത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർക്ക് ഒരു തരത്തിലും ഭീഷണിയാകാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചില്ല. ആദ്യ വിക്കറ്റിൽ ലിസൽ ലീയും ലോറ വോൾവാർട്ടും ചേർന്ന് 169 റൺസിൻ്റെ കൂറ്റൻ പാർട്ണർഷിപ്പ് പടുത്തുയർത്തി. വിജയിക്കാൻ 9 റൺസ് മാത്രം ബാക്കിയുണ്ടായിരിക്കെയാണ് അവർക്ക് ലോറയെയും (80), സുൻ ലൂസിനെയും (1) നഷ്ടമായത്. ലിസൽ ലീ (83) പുറത്താവാതെ നിന്നു.
Story Highlights – south africa women won against india women
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here