മുഴുവൻ സമയവും അധികസമയവും ഷൂട്ടൗട്ടും കടന്ന് സഡൻ ഡെത്ത്; ഗോളിമാരുടെ കൈകളിലേറി മുംബൈ സിറ്റി ഫൈനലിൽ

ഐഎസ്എൽ ചരിത്രത്തിൽ ആദ്യമായി മുംബൈ സിറ്റി എഫ്സി ഫൈനലിൽ. എഫ്സി ഗോവയെ സഡൻ ഡെത്തിൽ കീഴ്പ്പെടുത്തിയാണ് മുംബൈ കന്നി ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ക്രോസ് ബാറിനു കീഴിൽ അസാമാന്യ പ്രകടനം കാഴ്ച വച്ച അമരീന്ദർ സിംഗ് ആണ് ഐലാൻഡേഴ്സിന് സെമി പ്രവേശനം നേടിക്കൊടുത്തത്. ഷൂട്ടൗട്ടിൽ അമരീന്ദറിനു പകരമെത്തിയ ഫർബാ ലാചെൻപയും മികച്ച പ്രകടനം നടത്തി.
ആദ്യ പാദത്തിൽ 2-2 എന്ന സ്കോറിന് ഇരു ടീമുകളും സമനില പാലിച്ചതോടെ ഇന്നത്തെ കളി ഏറെ നിർണായകമായിരുന്നു. ഇരു ടീമുകളും ബലാബലം ഏറ്റുമുട്ടിയെങ്കിലും എഫ്സി ഗോവ ഒരടി മുന്നിൽ നിന്നു. ആദ്യ പകുതിയിൽ പ്രതിരോധത്തിൽ ഊന്നിക്കളിച്ച ടീമുകൾ രണ്ടാം പകുതിയിൽ ആക്രമണം മെനയാൻ തുടങ്ങി. മുംബൈ ഗോൾമുഖത്തേക്ക് ഇരമ്പിയെത്തിയ ഗോവൻ ആക്രമണങ്ങളുടെ മുനയൊടിച്ച അമരീന്ദർ മുംബൈയെ മത്സരത്തിൽ പിടിച്ചുനിർത്തി. മുംബൈ ഒറ്റപ്പെട്ട ചില പ്രത്യാക്രമണങ്ങൾ നടത്തിയെങ്കിലും അവയ്ക്കൊന്നും മൂർച്ച ഉണ്ടായില്ല. പോസ്റ്റിലേക്കെത്തിയ ആറോളം ഷോട്ടുകളാണ് അമരീന്ദർ രക്ഷപ്പെടുത്തിയത്. മുഴുവൻ സമയത്തും അധികസമയത്തും ഇരു ടീമുകൾക്കും ഗോൾ വല ചലിപ്പിക്കാൻ കഴിയാതെ വന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു.
ഷൂട്ടൗട്ടിൽ ഇരു ടീമുകളും ഗോൾ കീപ്പർമാരെ മാറ്റി. മുംബൈ അമരീന്ദറിനു പകരം ഫർബാ ലാചെൻപയെ കൊണ്ടുവന്നപ്പോൾ ഗോവയിൽ ധീരജിനു പകരം നവീൻ കുമാർ എത്തി. ഷൂട്ടൗട്ടിലെ അഞ്ച് കിക്കുകളിൽ മൂന്ന് വീതം ഇരു ടീമുകളും നഷ്ടപ്പെടുത്തി. മത്സരം സഡൻ ഡെത്തിലേക്ക്. സഡൻ ഡെത്തിലെ ആദ്യ മൂന്ന് കിക്കുകൾ ഇരു ടീമുകളും സ്കോർ ചെയ്തു. നാലാം കിക്കിൽ എഫ്സി ഗോവയുടെ ഗ്ലാൻ മാർട്ടിൻസിനു പിഴച്ചു. മുംബൈക്കായി കിക്ക് എടുത്ത റൗളിങ് ബോർഗസ് അനായാസം വല ചലിപ്പിക്കുകയും ചെയ്തു. മുംബൈ ഫൈനലിൽ.
Story Highlights – semi final mumbai city fc won against fc goa in sudden death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here