ആക്രമണത്തിൽ മമത ബാനർജിക്ക് പരുക്ക്; ആശുപത്രിയിലെന്ന് സഹോദര പുത്രൻ

നന്ദിഗ്രാമിൽ പ്രചരണത്തിനിടെയുണ്ടായ ആക്രമണത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പരുക്ക് പറ്റിയെന്ന് സഹോദര പുത്രനും എംപിയുമായ അഭിഷേക് ബാനർജി. മമത ആശുപത്രിയിൽ അഡ്മിറ്റാണെന്നും രണ്ട് ദിവസം നിരീക്ഷണത്തിൽ തുടരണമെന്ന് ഡോക്ടർമാർ അറിയിച്ചു എന്നും അഭിഷേക് ബാനർജി അറിയിച്ചു. ആശുപത്രിയിൽ അഡ്മിറ്റായ മമത ബാനർജിയുടെ ചിത്രം പങ്കുവച്ചുള്ള ട്വീറ്റിലാണ് അഭിഷേകിൻ്റെ വെളിപ്പെടുത്തൽ.
ഇടതുകാലിൽ പ്ലാസ്റ്റർ ഇട്ടുകൊണ്ടുള്ള മമതയുടെ ചിത്രമാണ് അഭിഷേക് പങ്കുവച്ചത്. ‘മെയ് 2 ഞായറാഴ്ച ബംഗാൾ ജനതയുടെ കരുത്ത് കണ്ടോളൂ ബിജെപി’ എന്ന കുറിപ്പടക്കമാണ് ചിത്രം. കൊൽക്കത്തയിലെ എസ് എസ് കെ എം ആശുപത്രിയിലാണ് മമതയെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. മമതയുടെ കാലിലും കഴുത്തിലും തോളിലും സാരമായ പരുക്കുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കയ്യിലും ചെറിയ പരുക്കുണ്ട്. നേരിയ തോതിൽ പനിയും ശ്വാസം മുട്ടലും ഉണ്ട്.
മമതയ്ക്ക് പരുക്കേടതിൻ്റെ പശ്ചാത്തലത്തിൽ തൃണമൂൽ കോൺഗ്രസ് ഇന്ന് പ്രകടന പത്രിക പുറത്തിറക്കില്ല.
മമതാ ബാനർജിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ബംഗാളിൽ വ്യാപക പ്രതിഷേധം നടന്നിരുന്നു. ആശുപത്രിയിൽ മമതയെ കാണാനെത്തിയ ഗവർണർ ജഗ്ദീപ് ദങ്കറിന് നേരെയും പ്രതിഷേധം ഉണ്ടായി.
Story Highlights – Mamata Banerjee Has Injuries, Under Watch For 2 Days
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here