ഇന്ത്യ-ഇംഗ്ലണ്ട് ടി-20 പരമ്പരയ്ക്ക് ഇന്നു തുടക്കം

ഇന്ത്യ-ഇംഗ്ലണ്ട് ടി-20 പരമ്പരയ്ക്ക് ഇന്നു തുടക്കം. രാത്രി ഏഴ് മണിക്ക് അഹ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. എല്ലാ മത്സരങ്ങളും ഒരു വേദിയിൽ തന്നെയാണ് നടക്കുക. മത്സരത്തിൽ കാണികളെ അനുവദിച്ചിട്ടുണ്ട്. 4 മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.
ലോകേഷ് രാഹുൽ-രോഹിത് ശർമ്മ സഖ്യം തന്നെ ബാറ്റിംഗ് ഓപ്പൺ ചെയ്യുമെന്ന് ക്യാപ്റ്റൻ വിരാട് കോലി അറിയിച്ചതിനാൽ ശിഖർ ധവാൻ ബാക്കപ്പ് ഓപ്പണർ റോളിലാവും. നാല്, അഞ്ച് നമ്പറുകളിൽ ആര് ബാറ്റ് ചെയ്യും എന്നതാണ് ശ്രദ്ധേയമാവുക. നേരത്തെ നാലാം നമ്പറിൽ ഇറങ്ങിയിരുന്ന ശ്രേയാസ് അയ്യർ സൂര്യകുമാർ യാദവിന് വഴിമാറിക്കൊടുക്കുമോ എന്നത് ഒരു ചോദ്യമാണെങ്കിൽ ഋഷഭ് പന്ത് കളിക്കുമോ എന്നത് മറ്റൊരു ചോദ്യമാണ്. ടെസ്റ്റ് പരമ്പരകളിലെ അസാമാന്യ പ്രകടനം പന്തിന് സാധ്യത നൽകുന്നുണ്ട്. ഒന്നുകിൽ പന്ത് അഞ്ചാം നമ്പറിൽ കളിക്കും. അങ്ങനെയെങ്കിൽ നാലാം നമ്പറിൽ ശ്രേയാസ് അയ്യരോ സൂര്യകുമാാർ യാദവോ ഇറങ്ങും. പന്തിനെ പുറത്തിരുത്തി നാലാം നമ്പറിൽ ശ്രേയാസും അഞ്ചാം നമ്പറിൽ സൂര്യകുമാറും കളിക്കും എന്നത് മറ്റൊരു സാധ്യതയാണ്.
ഹർദ്ദിക് പാണ്ഡ്യ ആറാം നമ്പറിൽ കളിക്കുമ്പോൾ മറ്റ് സ്ഥാനങ്ങളിലും വ്യക്തതയില്ല. വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ എന്നിവരിൽ പവർ പ്ലേ ഓവറുകളിൽ പന്തെറിയും എന്നത് വാഷിംഗ്ടണിന് മുൻതൂക്കം നൽകും. ചഹാൽ ടീമിൽ ഉറപ്പാണ്. ഭുവനേശ്വർ കുമാർ ഒന്നാം പേസറാവുമ്പോൾ ശർദ്ദുൽ താക്കൂർ, ദീപക് ചഹാർ, നവദീപ് സെയ്നി എന്നിവരിൽ ഒരാൾ രണ്ടാം പേസ് ബൗളറാവും. മൂന്ന് പേസർമാരെ പരീക്ഷിക്കുകയാണെങ്കിൽ ഒരാൾ പുറത്തിരിക്കും. രണ്ട് പേസർമാരെ പരീക്ഷിച്ചാൽ അക്സർ പട്ടേലും വാഷിംഗ്ടണും തന്നെ ടീമിലെത്തും. ഇരുവരിൽ ഒരാൾക്കൊപ്പം രാഹുൽ ചഹാറിനും സാധ്യതയുണ്ട്. പരുക്ക് മൂലം ടി നടരാജനും ഫിറ്റ്നസ് ടെസ്റ്റ് പാസാവാത്തതിനാൽ വരുൺ ചക്രവർത്തിയും പുറത്തിരിക്കുമെന്ന് ഉറപ്പാണ്. തെവാട്ടിയയുടെ കാര്യത്തിലും ഉറപ്പില്ല.
Story Highlights – India vs England T-20 series starts today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here