സ്ഥാനാര്‍ത്ഥി പട്ടിക; മുസ്ലിം ലീഗില്‍ വ്യാപക പ്രതിഷേധം

സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി കോഴിക്കോട് ലീഗില്‍ വ്യാപക പ്രതിഷേധം. കൊടുവള്ളിയില്‍ എം കെ മുനീറിനെതിരെയും കോഴിക്കോട് നൂര്‍ബിന റഷീദിനെതിരെയും പ്രവര്‍ത്തകര്‍ രംഗത്തെത്തി. കൊടുവള്ളിയിലെ പ്രവര്‍ത്തകര്‍ രാത്രി എം കെ മുനീറിന്റെ വീട്ടിലെത്തി പ്രതിഷേധമറിയിച്ചു.
പ്രാദേശിക നേതാക്കളെ സ്ഥാനാര്‍ത്ഥിയായി മതിയെന്ന് കൊടുവള്ളിയിലെ മണ്ഡലം ഭാരവാഹികള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. എം കെ മുനീറിന്റെ വരവ് മുന്നില്‍ കണ്ട് കൊടുവള്ളിക്കാര്‍ ഉന്നയിച്ച തടസ്സവാദം പക്ഷെ പാര്‍ട്ടി ചെവിക്കൊണ്ടില്ല. എം എ റസാഖിനെയും ഉമ്മര്‍ മാഷിനെയും തഴഞ്ഞാണ് മുനീറിന് കൊടുവള്ളി നല്‍കിയത്. റസാഖ് മാഷിന് സീറ്റ് നല്‍കിയില്ലെങ്കില്‍ എം കെ മുനീര്‍ കൊടുവള്ളിയിലേക്ക് വരേണ്ടെന്നാണ് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്
എം കെ മുനീറിനെ സ്ഥാനാര്‍ത്ഥിയായി പ്രതീക്ഷിച്ചിരുന്ന കോഴിക്കോട് സൗത്തില്‍ നൂര്‍ബിന റഷീദിനെതിരെയും പ്രതിഷേധം ശക്തമാണ്. ലീഗിന്റെ സൗത്ത് മണ്ഡലം ഭാരവാഹികള്‍ നൂര്‍ബിനയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചിട്ടില്ല.
ഇന്ന് ചേരുന്ന മണ്ഡലം കമ്മിറ്റി യോഗത്തില്‍ പ്രതിഷേധമറിയിക്കാനാണ് പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം. മുനീര്‍ കൊടുവള്ളിയിലാണെങ്കില്‍ എം എ റസാഖിനെ കോഴിക്കോട് സൗത്തില്‍ പരിഗണിക്കാനുള്ള നീക്കം വനിതാ സ്ഥാനാര്‍ത്ഥിയെന്ന വാദത്തില്‍ തട്ടി അലസിയതോടെയാണ് ഇരുമണ്ഡലത്തിലും പ്രശ്‌നം രൂക്ഷമായത്.
Story Highlights – muslim league, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here