സ്ഥാനാര്‍ത്ഥി നിര്‍ണയം; ഇടഞ്ഞ് നില്‍ക്കുന്നവരെ അനുനയിപ്പിക്കാനുള്ള ശ്രമം മുസ്ലീംലീഗ് തുടരുന്നു

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്ന് ഇടഞ്ഞ് നില്‍ക്കുന്നവരെ അനുനയിപ്പിക്കാനുള്ള നീക്കം മുസ്ലീംലീഗ് തുടരുന്നു. ഇന്നലെ പരസ്യമായി നേതൃത്വത്തിന് എതിരെ രംഗത്ത് എത്തിയ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. ബാവഹാജിയുമായി ഇന്ന് ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തും.
മുസ്ലീംലീഗിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം കുറ്റമറ്റതാണെന്ന് പെതുവെ വിലയിരുത്തല്‍ ഉണ്ടെങ്കിലും പാര്‍ട്ടിക്ക് ഉള്ളിലെ പ്രവര്‍ത്തകരുടെ അമര്‍ഷം കൂടുതല്‍ മറനീക്കി പുറത്ത് വരികയാണ്. മുന്‍പ് എങ്ങുംഇല്ലാത്തവിധം വലിയ പ്രതിസന്ധിയിലൂടെയാണ് ലീഗ് കടന്ന് പോകുന്നത്. സാധാരണ ലീഗിന്റെ അവസാന വാക്ക് പാണക്കാട് തങ്ങളുടെതാണ്, ഇതിനെ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്ന പതിവ് ഇല്ല. എന്നാല്‍ ഇത്തവണ പതിവ് തെറ്റി. ചോദ്യം ചെയ്യുക മാത്രമല്ല പ്രവര്‍ത്തകര്‍ പാണക്കാട് എത്തുകയും, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി പരസ്യമാക്കി തെരുവില്‍ ഇറങ്ങുകയും ചെയ്തു.
മലപ്പുറത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി ബാവഹാജി പരസ്യമായി രംഗത്ത് എത്തി. രാജ്യസഭാ സീറ്റ് നല്‍കാമെന്നായിരുന്നു ബാവഹാജിക്ക് ലീഗ് നല്കിയ വാഗ്ദാനം. അതല്ലെങ്കില്‍ നിയമസഭാ സീറ്റില്‍ പരിഗണിക്കാമെന്നും ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. ഇത് രണ്ടും നടക്കാതായതോടെയാണ് സി.പി. ബാവഹാജി തന്റെ പ്രതിഷേധം പരസ്യമാക്കിയത്. ഇക്കാര്യം നേതൃത്വത്തെ ബാവഹാജി അറിയിക്കുകയും ചെയ്തു. ഇതിനിടയില്‍ ബാവഹാജിക്കായി തവനൂരിലെ വലിയ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്ത് എത്തുകയും ജനപ്രതിനിധികള്‍ അടക്കം രാജിവെക്കുകയും ചെയ്തതോടെ ലീഗ് നേതൃത്വം കൂടുതല്‍ പ്രതിരോധത്തിലായി.
സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ബാവഹാജി പാര്‍ട്ടി വിടുമെന്നും, വിമത നീക്കം നടത്തുമെന്നും ഉറപ്പായതോടെ അനുനയ നീക്കവുമായി നേതൃത്വം ഇന്നലെ പല തവണകളിലായി ചര്‍ച്ച നടത്തി. എന്നാല്‍ തന്നെ പരിഗണിച്ചെ തീരൂ എന്ന നിലപാടില്‍ ഉറച്ച നിന്ന ബാവഹാജിയുമായി സമവായത്തില്‍ എത്താന്‍ നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് തുടര്‍ ചര്‍ച്ചകള്‍ക്കായി ബാവഹാജിയെ പാണക്കാട്ടേക്ക് വിളിപ്പിച്ചത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് ബാവഹാജി നേതൃത്വത്തെ അറിയിച്ചു. മുതിര്‍ന്ന സിപിഐഎം നേതാക്കളുമായും കെ.ടി ജലീലുമായും ഇന്ന് ബാവഹാജി ചര്‍ച്ച നടത്തുമെന്നാണ് വിവരം. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും അദ്ദേഹത്തിന്റെ തുടര്‍ നീക്കങ്ങള്‍.
Story Highlights – Muslim League
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here