കുറഞ്ഞ ഓവർ നിരക്ക്; ഇംഗ്ലണ്ട് ടീമിനു പിഴ

ഇന്ത്യക്കെതിരായ നാലാം ടി-20യിലെ കുറഞ്ഞ ഓവർ നിരക്കിൻ്റെ പേരിൽ ഇംഗ്ലണ്ട് ടീമിനു പിഴ. മാച്ച് റഫറിയായ ജവഗൽ ശ്രീനാഥ് ആണ് പിഴ വിധിച്ചത്. നിശ്ചിത സമയത്തിനുള്ളിൽ ഓവറുകൾ എറിഞ്ഞ് തീർക്കാത്തതിനാൽ മാച്ച് ഫീയുടെ 20 ശതമാനം തുക പിഴയായി ഒടുക്കേടി വരും. മത്സരത്തിൽ ഇംഗ്ലണ്ടിനെ 8 റൺസിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.
അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിലാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 185 റൺസ് നേടിയ ഇന്ത്യക്ക് മറുപടിയുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 8 വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് മാത്രമേ നേടാനായുള്ളൂ. 57 റൺസ് നേടിയ സൂര്യകുമാർ യാദവ് ഇന്ത്യയുടെ ടോപ്പ് സ്കോറർ ആയപ്പോൾ ശ്രേയാസ് അയ്യർ (37), ഋഷഭ് പന്ത് (3) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ 4 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ 46 റൺസ് നേടിയ ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ജേസൻ റോയും (40) ഇംഗ്ലണ്ടിനായി തിളങ്ങി. ഇന്ത്യക്കായി ശർദ്ദുൽ താക്കൂർ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹർദ്ദിക് പാണ്ഡ്യ, രാഹുൽ ചഹാർ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതം ഉണ്ട്.
നാളെയാണ് പരമ്പരയിലെ അവസാന മത്സരം. നാല് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇരു ടീമുകളും രണ്ട് മത്സരം വീതം ജയിച്ച് പരമ്പര സമനിലയിൽ ആക്കിയിരിക്കുകയാണ്.
Story Highlights – England Fined For Slow Over-Rate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here