മൊഹമ്മദൻസിനെയും വീഴ്ത്തി ഗോകുലം ഒന്നാമത്; കിരീടത്തിലേക്ക് ഒരു ജയം അകലം

ഐ ലീഗിൽ മൊഹമ്മദൻസിനെതിരെ ഗോകുലം കേരളയ്ക്ക് ജയം. കൊൽക്കത്തയിൽ വച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഗോകുലം മൊഹമ്മദൻസിനെ കീഴ്പ്പെടുത്തിയത്. ഡെന്നി ആൻ്റ്വി ആണ് ഗോകുലത്തിൻ്റെ ഗോളുകൾ നേടിയത്. സുജിത് സദു മൊഹമ്മദൻസിനായി ഒരു ഗോൾ മടക്കി. ജയത്തോടെ ഗോകുലം പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. ലീഗിൽ ഇനി നടക്കാനുള്ള അവസാന മത്സരത്തിൽ കൂടി വിജയിക്കാനായാൽ ഗോകുലത്തിന് ലീഗ് കിരീടം ഉറപ്പിക്കാനാവും.
ആദ്യം മുതൽക്ക് തന്നെ ആക്രമണം തുടങ്ങിയ ഗോകുലം 19ആം മിനിട്ടിൽ തന്നെ ലീഡെടുത്തു. മനോഹരമായ ഒരു വോളിയിലൂടെയായിരുന്നു ആൻ്റ്വിയുടെ ഫിനിഷ്. 33ആം മിനിട്ടിൽ അടുത്ത ഗോളെത്തി. ആദ്യ പകുതിയും മത്സരത്തിൻ്റെ 84 മിനിട്ടും ഗോകുലം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു. 84ആം മിനിട്ടിൽ ഒരു ഫ്രീ കിക്കിൽ നിന്ന് മൊഹമ്മദൻസ് ഗോൾ മടക്കി. ഈ ഗോൾ ഗോകുലത്തെ പ്രതിരോധത്തിലാക്കിയെങ്കിലും മറ്റ് ഗോളുകൾ വഴങ്ങാതെ ഗോകുലം വിജയിക്കുകയായിരുന്നു.
ഇന്ന് ഉച്ചക്ക് ട്രാവുവും ചർച്ചിൽ ബ്രദേഴ്സും തമ്മിൽ നടന്ന മത്സരം സമനിലയിൽ പിരിഞ്ഞിരുന്നു. ഇതാണ് ഗോകുലത്തെ പട്ടികയിൽ ഒന്നാമത് എത്തിച്ചത്. ചർച്ചിലിനും ട്രാവുവിനും ഗോകുലത്തിനും ഇപ്പോൾ 26 പോയിൻ്റ് വീതമാണ് ഉള്ളത്. ലീഗിലെ അവസാന മത്സരമാണ് ഇനി നടക്കാനുള്ളത്. ട്രാവു ആണ് മത്സരത്തിൽ ഗോകുലത്തിൻ്റെ എതിരാളികൾ. ഗോൾ ശരാശരിയിലും പോയിൻ്റിലും ഇരു ടീമുകളും തുല്യരാണ്. അതുകൊണ്ട് തന്നെ ഈ കളി ജയിക്കുന്നവർ ലീഗ് ചാമ്പ്യന്മാരാവും. പഞ്ചാബ് എഫ്സിക്കെതിരെയാണ് ചർച്ചിലിൻ്റെ അവസാന മത്സരം. ഗോൾ ശരാശരിയിൽ ട്രാവുവും ഗോകുലവും ഏറെ മുന്നിൽ നിൽക്കുന്നതുകൊണ്ട് തന്നെ ഈ കളി വിജയിച്ചാലും ചർച്ചിലിന് ഒന്നാമതെത്താൻ കഴിയില്ല.
Story Highlights- gokulam kerala won against mohammedan sc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here