ഒരെ വോട്ടര്‍ക്ക് പല മണ്ഡലങ്ങളില്‍ വോട്ട്; പുതിയ ആരോപണവുമായി രമേശ് ചെന്നിത്തല

വോട്ടര്‍പട്ടികയില്‍ വീണ്ടും ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരെ വോട്ടര്‍ക്ക് തന്നെ പല മണ്ഡലങ്ങളില്‍ വോട്ടുണ്ട്. ഒരു മണ്ഡലത്തില്‍ വോട്ടുള്ള വോട്ടറുടെ പേരില്‍ പല മണ്ഡലങ്ങളില്‍ വ്യാജ വോട്ടുകള്‍ സൃഷ്ടിക്കപ്പെടുകയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഒരെ വോട്ടര്‍ക്ക് തന്നെ പല മണ്ഡലങ്ങളിലും വോട്ടുണ്ടെന്നതാണ് ചുരുക്കം. ഇവര്‍ക്ക് എല്ലാവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തിട്ടുണ്ട്. വോട്ടര്‍ക്ക് തന്റെ യഥാര്‍ത്ഥ മണ്ഡലത്തില്‍ വോട്ട് ചെയ്തശേഷം മഷി മായ്ച്ചുകളഞ്ഞ് അടുത്ത മണ്ഡലത്തിലും വോട്ട് ചെയ്യാവുന്ന സ്ഥിതിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ പരിശോധനയില്‍ ഒരു ലക്ഷത്തിലേറെ ഇരട്ട വോട്ടുകളാണ് കണ്ടെത്തിയത്. പയ്യന്നൂര്‍ മണ്ഡലത്തില്‍ വോട്ടുള്ള 127 പേര്‍ക്ക് ഇരിക്കൂര്‍ മണ്ഡലത്തിലും വോട്ടുണ്ട്. രണ്ടിടത്തും തിരിച്ചറിയല്‍ കാര്‍ഡുമുണ്ട്. കല്ല്യാശേരി മണ്ഡലത്തില്‍ വോട്ടുള്ള 91 പേര്‍ക്കും ഇരിക്കൂരില്‍ വോട്ടുണ്ട്. ഇരിക്കൂര്‍ മണ്ഡലത്തില്‍ വോട്ടുള്ള മറ്റ് മണ്ഡലംകാരുടെ എണ്ണം ഇങ്ങനെ: തളിപ്പറമ്പിലെ 242 പേരുടെ പേര് ഇരിക്കൂറിലുമുണ്ട്. അഴീക്കോട് -47, കണ്ണൂര്‍ -30 എന്നിങ്ങനെയാണ് ഇരിക്കൂറിലെ അന്യമണ്ഡല വ്യാജ വോട്ടര്‍മാര്‍. ആകെ 537 വ്യാജ വോട്ടര്‍മാരാണ് ഇരിക്കൂറിലുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ വോട്ടര്‍പട്ടികയില്‍ വ്യാപകമായ ക്രമക്കേടുകളും കള്ളവോട്ടുകളും നിറഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ നേരില്‍ കണ്ട് ഇക്കാര്യങ്ങള്‍ പറഞ്ഞു. ടിക്കാറാം മീണയ്ക്ക് തെളിവുകള്‍ സഹിതം നല്‍കിയ പരാതികള്‍ അന്വേഷിച്ച് ആരോപണം ശരിയാണെന്ന നിഗമത്തില്‍ എത്തിയതില്‍ സന്തോഷമുണ്ട്. ഇപ്പോള്‍ വേണ്ടത് കണ്ടെത്തിയിട്ടുള്ള വ്യാജവോട്ടുകള്‍ ചെയ്യാന്‍ അനുവദിക്കരുത് എന്നതാണ്. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്ന ആസൂത്രിതമായ നടപടിയുടെ ഭാഗമാണ് കള്ളവോട്ടുകള്‍ ചേര്‍ക്കുന്ന നടപടി. ഇതിന് ഉദ്യോഗസ്ഥന്മാര്‍ക്കും പങ്കുണ്ട്. അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം. ഉദുമയില്‍ ഒരു അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുടെ പേരില്‍ നടപടി എടുത്തതുപോലെ വ്യാജ വോട്ടര്‍മാരെ ചേര്‍ത്ത ആളുകളുടെ പേരില്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Story Highlights- Ramesh Chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here