ഐലീഗിൽ ഇന്ന് ‘ഫൈനൽ’; ഗോകുലത്തിന് എതിരാളികളായി ട്രാവു എഫ്സി: ജയിക്കുന്നവർക്ക് കിരീടം

ഐലീഗിൽ ഇന്ന് അവസാന പോരാട്ടങ്ങൾ. ഇന്ന് നടക്കുന്ന രണ്ട് മത്സരങ്ങളോടെ ഇക്കൊല്ലത്തെ ലീഗ് അവസാനിക്കും. ഗോകുലം കേരള എഫ്സി-ട്രാവു, ചർച്ചിൽ ബ്രദേഴ്സ്- റൗണ്ട്ഗ്ലാസ് പഞ്ചാബ് എന്നീ മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. ഗോകുലം-ട്രാവു മത്സരത്തിലെ ജേതാക്കൾ ഏറെക്കുറെ ഐലീഗ് കിരീടം നേടും. 26 പോയിൻ്റ് വീതമാണ് ഇരു ടീമിനും ഉള്ളത്. ചർച്ചിലിനും 26 പോയിൻ്റ് ഉണ്ടെങ്കിലും ഗോൾ ശരാശരിയിൽ മറ്റ് രണ്ട് ടീമുകൾ മുന്നിലാണ്. ഗോകുലം-ട്രാവു മത്സരം സമനിലയിൽ പിരിഞ്ഞാൽ ചർച്ചിൽ-പഞ്ചാബ് മത്സരഫലം വിജയികളെ നിശ്ചയിക്കും.
കൊൽക്കത്തയിലെ കെബികെ സ്റ്റേഡിയത്തിൽ വൈകിട്ട് അഞ്ച് മണിക്കാണ് പോരാട്ടം. ഗോകുലത്തിനോ ട്രാവുവിനോ ഇതുവരെ ലീഗ് കിരീടം നേടാനായിട്ടില്ല. അതുകൊണ്ട് തന്നെ ഇന്നത്തെ പോരാട്ടം ചരിത്രമാണ്. ആദ്യ പാദത്തിൽ ട്രാവുവിനെ 3-1ന് ഗോകുലം കീഴ്പ്പെടുത്തിയിരുന്നു. എന്നാൽ, പിന്നീട് ഗംഭീര പ്രകടനം നടത്തിയ ട്രാവു 26 ഗോളുകളാണ് സീസണിൽ നേടിയത്.
27 ഗോളുകൾ നേടിയ ഗോകുലമാണ് ഏറ്റവുമധികം ഗോളുകൾ നേടിയത്. 11 ഗോളുകൾ നേടിയ ട്രാവുവിൻ്റെ ബിദ്യാഷാഗർ സിംഗ് ആണ് ഗോൾ വേട്ടയിൽ ഒന്നാമത്. 10 ഗോളുകളുമായി ഡെന്നി ആൻ്റ്വി രണ്ടാമതുണ്ട്. അസിസ്റ്റിൽ ഡെന്നി ആൻ്റ്വി, ട്രാവുവിൻ്റെ കോംറോൺ ടുർസുനോവ് എന്നിവരാണ് ആദ്യ സ്ഥാനങ്ങളിൽ. ഇരുവരും 6 ഗോളുകൾക്ക് വഴിതെളിച്ചു. എന്നാൽ, ടുർസുനോവ് ദേശീയ ടീമിനൊപ്പം ചേരാൻ ടീം വിട്ടത് ട്രാവുവിന് തിരിച്ചടിയാണ്.
Story Highlights- gokulam fc vs trau fc i league today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here