സൂയസ് കനാലിൽ വഴിമുടക്കിയ കപ്പൽ രണ്ട് ദിവസത്തിനുള്ളിൽ നീക്കുമെന്ന് ഉടമ

ഈജിപ്തിലെ സൂയസ് കനാലിൽ വഴിമുടക്കിയ കപ്പൽ രണ്ട് ദിവസത്തിനുള്ളിൽ നീക്കുമെന്ന് കപ്പൽ ഉടമ. ജപ്പാനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കമ്പനിയുടെ ഉടമസ്ഥത വഹിക്കുന്ന ഷോയി കിസെൻ എന്ന കമ്പനി ഉടമ യുകിതോ ഹിഗാകിയാണ് വിവരം അറിയിച്ചത്. കപ്പൽ നീക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും ഇന്നോ നാളെയോ തന്നെ കപ്പൽ നീക്കുമെന്നും അദ്ദേഹം അറിയിച്ചു.
“കപ്പലിൽ വെള്ളം കയറിയിട്ടില്ല. കപ്പലിന് മറ്റ് പ്രശ്നങ്ങളില്ല. കപ്പൽ വെള്ളത്തിൽ നീങ്ങാൻ തുടങ്ങിയാൽ നീക്കാൻ കഴിയും. കപ്പൽ നീക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.”- ഹിഗാകി അറിയിച്ചു.
മാർച്ച് 23നാണ് നാല് ഫുട്ബോൾ ഗ്രൗണ്ടിനെക്കാൾ വലിപ്പമുള്ള എംവി എവർ ഗിവൺ എന്ന കപ്പൽ സൂയസ് കനാലിൽ വിലങ്ങനെ കുടുങ്ങിയത്. ഇത് മൂലം ഇരു വശങ്ങളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയായിരുന്നു. 200ലധികം കപ്പലുകളാണ് മുന്നോട്ടുനീങ്ങാനാവാതെ കുടുങ്ങിക്കിടക്കുന്നത്. ഇത് 350 വരെ ഉയരുമെന്നാണ് സൂചന. എണ്ണ അടക്കമുള്ള സുപ്രധാന ചരക്കുകൾ നീക്കുന്ന കപ്പലുകളാണ് ഇവ. ഗതാഗത തടസ്സം മൂലം ചരക്കുനീക്കത്തിനും തടസ്സം നേരിടുകയാണ്.
അതേസമയം, പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യ നാലിന പദ്ധതി മുന്നോട്ടുവച്ചു. ചരക്കുകളെ പ്രാധാന്യത്തിനനുസരിച്ച് തരം തിരിക്കുക, ചരക്ക് കൂലി നിയന്ത്രിക്കുക, തുറമുഖങ്ങൾക്ക് മുന്നറിയിപ്പ് നൽകൽ, കപ്പലുകളെ വഴിതിരിച്ച് വിടൽ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഇന്ത്യയുടെ നാലിന പദ്ധതി. പെട്രോളിയം ഉൽപന്നങ്ങൾ, ഓർഗാനിക് കെമിക്കൽസ്, ഇരുമ്പ്, സ്റ്റീൽ, ഓട്ടോമൊബൈൽ, തുണിത്തരങ്ങൾ, ഫർണീച്ചർ, തുകൽ ഉൽപന്നങ്ങൾ തുടങ്ങിയവകളാണ് സൂയസ് കനാലിലൂടെ ഇന്ത്യയിലേക്ക് എത്തുന്നത്.
Story Highlights- Megaship Blocking Suez Canal May Be Refloated Today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here