സ്വയം വിതരണം ചെയ്തതിനെക്കാൾ കൂടുതൽ വാക്സിൻ കയറ്റി അയച്ചു: ഇന്ത്യ യുഎന്നിൽ

സ്വയം വിതരണം ചെയ്തതിനെക്കാൾ കൂടുതൽ വാക്സിൻ കയറ്റി അയച്ചു എന്ന് ഇന്ത്യ യുഎന്നിൽ. യുഎൻ ജനറൽ അസംബ്ലിയിലാണ് ഇന്ത്യയുടെ വിശദീകരണം. കൊവിഡ് നിയന്ത്രിക്കാനുള്ള ആഗോള ശ്രമങ്ങളെ വാക്സിൻ ദൗർലഭ്യം ദുർബലപ്പെടുത്തുമെന്നും ദരിദ്രരാജ്യങ്ങളെ അത് കാര്യമായി ബാധിക്കുമെന്നും ഇന്ത്യ പറഞ്ഞു.
“വാക്സിൻ ചലഞ്ച് പരിഹരിക്കപ്പെട്ടു. ഇപ്പോൾ വാക്സിൻ ലഭ്യതയും വിതരണവും വിലയും മറ്റുമൊക്കെയാണ് പ്രതിസന്ധികൾ. ആഗോള സഹകരണത്തിന്റെ അഭാവവും വാക്സിനുകൾ ലഭ്യമാക്കുന്നതിലെ അസമത്വവും ദരിദ്ര രാജ്യങ്ങളെയാണ് ഏറ്റവുമധികം ബാധിക്കുക. സത്യത്തിൽ, സ്വന്തം ജനതയ്ക്ക് നൽകിയതിനെക്കാൾ കൂടുതൽ വാക്സിനുകൾ ഞങ്ങൾ കയറ്റി അയച്ചിട്ടുണ്ട്.”- ഇന്ത്യയുടെ യുഎൻ പ്രതിനിധി നാഗരാജ് നായിഡു പറഞ്ഞു.
അതേസമയം, രാജ്യത്ത് കൊവിഡ് കേസുകൾ 60,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62, 258 പോസിറ്റീവ് കേസുകളും 291 മരണവും റിപ്പോർട്ട് ചെയ്തു. രോഗമുക്തി നിരക്ക് 94.85 ശതമാനമായി താഴ്ന്നു. മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമാണ്. അഞ്ച് മാസത്തിൽ ഇത് ആദ്യമായാണ് ഒരു ദിവസത്തെ രോഗബാധ 60,000നു മുകളിൽ റിപ്പോർട്ട് ചെയ്യുന്നത്. ഡിസംബർ 30നു ശേഷം റിപ്പോർട്ട് ചെയ്യുന്ന ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണനിരക്കും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു.
Story Highlights- Supplied More Vaccines Globally Than Vaccinated Our Own India Tells UN
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here