പർവതങ്ങളുടെയും താഴ്‌വരകളുടെയും നടുവിൽ ആവിശ്വസനീയമായ ഒരു ചില്ലു പാലം; രണ്ട് കൊടുമുടികളെ ബന്ധിപ്പിക്കുന്ന ‘റൂയി ബ്രിഡ്ജ്’

കിഴക്കൻ ചൈനയിലെ തായ്‌ഷോ നഗരത്തിലുള്ള ഷെൻസിയാൻജു പ്രദേശത്തുള്ള കൗതുക കാഴ്ചയാണ് റൂയി ബ്രിഡ്ജ് എന്ന് പേരുള്ള പാലം. പ്രത്യേക ആകൃതിയിൽ രണ്ടു കൊടുമുടികളെ തമ്മിൽ ബന്ധിപ്പിച്ച് നിർമ്മിച്ചിട്ടുള്ളതാണ് റൂയി ബ്രിഡ്ജ്.
ചൈനയിലെ വളരെ മനോഹരമായ ടൂറിസ്റ്റ് കേന്ദ്രമാണ് കിഴക്കൻ ചൈന കടലിനടുത്തു സ്ഥിതി ചെയ്യുന്ന ഷെൻസിയാൻജു. 158 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന ഈ പ്രദേശം പ്രകൃതി ദൃശ്യങ്ങളാൽ സമ്പന്നമാണ്. ആകർഷകമായ പർവതങ്ങളും താഴ്‌വരകളും നദികളും പാറക്കൂട്ടങ്ങളും വെള്ളച്ചാട്ടങ്ങളും വനങ്ങളും കൊടുമുടികളുമെല്ലാം ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു. വര്ഷം മുഴുവനും മികച്ച കാലാവസ്ഥയാണ് എന്നതും ഈ പ്രദേശം സഞ്ചാരികൾക്ക് പ്രിയപെട്ടതാകുന്നു.
ഷെൻസിയാൻജു താഴ്‌വരയ്ക്ക് കുറുകെ നിർമ്മിച്ച 100 മീറ്റർ വിസ്തൃതിയുള്ള ഈ പാലം 140 മീറ്ററിലധികം ഉയരത്തിലാണ് നിർമ്മിച്ചിട്ടുള്ളത്. പരമ്പരാഗതമായി ചൈനയിലെ ശക്തിയുടെയും ഭാഗ്യത്തിന്റെയും പ്രതീകമായി വിശ്വസിക്കപ്പെടുന്ന അലങ്കാര ചെങ്കോലായ ജേഡ് റൂയിയുടെ ആകൃതിയിലാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. അങ്ങനെയാണ് പാലത്തിന് ആ പേര് ലഭിച്ചത്.
സുതാര്യമായ ഗ്ലാസ് കൊണ്ടാണ് പാലത്തിന്റെ ഡെക്ക് നിർമ്മിച്ചിട്ടുള്ളത്. മൂന്ന് പാലങ്ങൾ ചേർന്നുള്ള ഘടനയാണ് ഈ പാലത്തിനുള്ളത്. 2008 ബീജിങ് ഒളിമ്പിക് ഗെയിംസിന്റെ പ്രധാന സ്റ്റേഡിയമായ ബേർഡ് നെസ്റ്റ് രൂപകൽപ്പന ചെയ്ത ടീമിലുണ്ടായിരുന്ന ഡിസൈനർ ഹീൽ യുഞ്ചാങ് ആണ് ഈ പാലത്തിന്റെ നിർമ്മാണത്തിന് പിന്നിൽ. 2020 സെപ്റ്റംബർ അവസാനത്തിൽ തുറന്നതിന് ശേഷം ലക്ഷക്കണക്കിന് സന്ദർശകരാണ് ഈ പാലം കാണാൻ ഇവിടെയെത്തിച്ചേർന്നത്.
2021 ജനുവരിയിലാണ് റൂയി ബ്രിഡ്ജിന്റെ വീഡിയോ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. പലരും ഇത് ശരിക്കുമുള്ള പാലമാണെന്ന് വിശ്വസിക്കാൻ തയ്യാറായില്ല. ഷെൻസിയാൻജു ഏരിയയുടെ ഔദ്യോഗിക വെയ്‌ബോ അകൗണ്ട് അനുസരിച്ച് റൂയി പാലത്തിന്റെ നിർമ്മാണം 2017 ൽ ആരംഭിക്കുകയും , 2020 സെപ്റ്റംബർ അവസാനത്തോടെ ജനങ്ങൾക്കായി തുറക്കുകയും ചെയ്തു എന്ന് പറയുന്നു. കാൽ നട യാത്രയ്ക്കും സൈക്ലിസ്റ്റുകൾക്കും റൂയി പാലത്തിലൂടെ സഞ്ചരിക്കാം.
Story Highlights: Yuri Glass bridge in China that’s so extraordinary some didn’t believe it was real
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here