രാജസ്ഥാനു വേണ്ടി ബട്‌ലറും സ്റ്റോക്സും ബാറ്റിംഗ് ഓപ്പൺ ചെയ്യും: ഓയിൻ മോർഗൻ

ഈ സീസണിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി ഇംഗ്ലണ്ട് താരങ്ങളായ ബെൻ സ്റ്റോക്സും ജോസ് ബട്‌ലറും ബാറ്റിംഗ് ഓപ്പൺ ചെയ്തേക്കുമെന്ന് സൂചന. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെയും ഇംഗ്ലണ്ടിൻ്റെയും ക്യാപ്റ്റനായ ഓയിൻ മോർഗൻ ആണ് രാജസ്ഥാൻ്റെ ഓപ്പണിംഗ് ജോഡിയെപ്പറ്റി സൂചന നൽകിയത്.
“കൂടുതൽ അവസരങ്ങൾ ബട്‌ലർക്കും സ്റ്റോക്സിനും നൽകിയപ്പോൾ അവർ രണ്ടു പേരും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. അവർ ഓരോ ദിവസവും മെച്ചപ്പെട്ട താരങ്ങളായി മാറുകയാണ്. അതുകൊണ്ട് തന്നെ അവർക്ക് കൂടുതൽ അവസരം നൽകുക എന്നത് ടീമിൻ്റെ ചുമതലയാണ്. തീർച്ചയായും ഇവർ രണ്ടുപേരും ചേർന്ന് രാജസ്ഥാൻ റോയൽസിനായി ഇക്കൊല്ലം ബാറ്റിംഗ് ഓപ്പൺ ചെയ്യും.”- മോർഗൻ സ്കൈ ക്രിക്കറ്റിനോട് പറഞ്ഞു.
2018 സീസൺ പാതി മുതലാണ് ബട്‌ലർ രാജസ്ഥാനായി ഓപ്പൺ ചെയ്തത്. ഗംഭീര പ്രകടനമാണ് ബട്ലർ ഓപ്പണിംഗ് സ്ഥാനത്ത് നടത്തിയത്. കഴിഞ്ഞ സീസണിൽ ബട്‌ലർ മധ്യനിരയിലാണ് കളിച്ചത്. കഴിഞ്ഞ സീസണിലെ അവസാന ചില മത്സരങ്ങളിലാണ് ബെൻ സ്റ്റോക്സ് ഓപ്പണറായത്. ഓപ്പണറായ ആദ്യ ചില മത്സരങ്ങളിൽ അത്ര മികച്ച പ്രകടനമല്ല അദ്ദേഹം നടത്തിയതെങ്കിലും പിന്നീട് ഒരു സെഞ്ചുറി അടക്കം ചില ഭേദപ്പെട്ട പ്രകടനങ്ങൾ സ്റ്റോക്സ് നടത്തിയിരുന്നു.
ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. മെയ് 30നാണ് ഫൈനൽ.
Story Highlights: Ben Stokes and Jos Buttler to open for Rajasthan Royals Eoin Morgan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here