Advertisement

റഫാൽ വിവാദം അടിസ്ഥാനരഹിതമെന്ന് ബിജെപി; അന്വേഷണം വേണമെന്ന് കോൺഗ്രസ്

April 5, 2021
2 minutes Read
BJP Rafale bribe allegations

റഫാൽ യുദ്ധവിമാന കരാറിൽ ഇന്ത്യയിലെ ഇടനിലക്കാർക്ക് പാരിതോഷികം ലഭിച്ചെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ബിജെപി. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് ഈ റിപ്പോർട്ടുകൾ തള്ളിയത്. അതേസമയം, സംഭവത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് അറിയിച്ചു.

“കോൺഗ്രസ് വീണ്ടും എന്താണ് റഫാലിനെപ്പറ്റി സംസാരിക്കുന്നത്? സുപ്രിം കോടതിയും സിഎജിയും ഇടപാടിൽ പ്രശ്നങ്ങളിലെന്ന് പറഞ്ഞതാണ്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപും കോൺഗ്രസ് റഫാൽ ഒരു വലിയ പ്രശ്നമായി ഉയർത്തിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിൽ അവർ പരാജയപ്പെട്ടു.”- രവിശങ്കർ പ്രസാദ് പറഞ്ഞു.

അതേസമയം, റഫാൽ കരാറിൽ അഴിമതിയുണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം സത്യമാണെന്ന് തെളിഞ്ഞു എന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധക്കരാറിൽ അഴിമതി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

റഫാൽ വിമാന നിർമാണ കമ്പനിയായ ഡാസോ കരാറിൽ ഒപ്പുവെച്ചതിനു പിന്നാലെ ഇന്ത്യയിലെ ഇടനിലക്കാർക്ക് 10 ലക്ഷം യൂറോ (8.6 കോടി രൂപ) പാരിതോഷികമായി നൽകിയെന്നാണ് ഫ്രഞ്ച് പ്രസിദ്ധീകരണമായ മീഡിയാപാർട്ട് റിപ്പോർട്ട് ചെയ്തത്. ഡാസോ കമ്പനിയുടെ ഓഡിറ്റിംഗ് നിർവഹിച്ച ഫ്രഞ്ച് അഴിമതി വിരുദ്ധ ഏജൻസിയായ എഎഫ്എയുടെ രേഖകൾ ഉദ്ധരിച്ചാണ് റിപ്പോർട്ട്.

2017-ൽ ഡാസോ കമ്പനിയുടെ അക്കൗണ്ടിൽ നിന്നും 508925 യൂറോ ഇടപാടുകാർക്ക് സമ്മാനമായി നൽകിയെന്ന് എഎഫ്എ കണ്ടെത്തിയിരുന്നു. റഫാൽ വിമാനങ്ങളുടെ മോഡലുകൾ നിർമിക്കുന്നതിനാണ് ഈ തുക ചെലവാക്കിയത് എന്നാണ് കമ്പനി അവകാശപ്പെട്ടത്. എന്നാൽ, ഇതിനുള്ള തെളിവുകൾ ഹാജരാക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ലെന്ന് ഫ്രഞ്ച് അഴിമതി വിരുദ്ധ ഏജൻസി റിപ്പോർട്ടിൽ പറയുന്നതായി മീഡിയാ പാർട്ട് പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

Story Highlights: Completely baseless says BJP on Rafale bribe allegations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top