നിർമ്മാണത്തിലുള്ള ഫ്‌ളാറ്റുകളുടേയും വില്ലകളുടേയും വിവരങ്ങൾ അറിയിക്കാത്ത തദ്ദേശഭരണ സ്ഥാപനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി റിയൽ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി

നിർമ്മാണത്തിലുള്ള ഫ്‌ളാറ്റുകളുടേയും വില്ലകളുടേയും വിവരങ്ങൾ അറിയിക്കാത്ത തദ്ദേശഭരണ സ്ഥാപനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി റിയൽ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി. പലതവണ ആവശ്യപ്പെട്ടിട്ടും പല പഞ്ചായത്തുകൾ വിവരങ്ങൾ നൽകുന്നില്ലെന്ന് അതോറിറ്റി ചെയർമാൻ പി.എച്ച്.കുര്യൻ. കോർപ്പറേഷനുകളാകട്ടെ സഹകരിക്കുന്നതേയില്ല. ജനങ്ങളുടെ സുഗമമായ ജീവിതം ഉറപ്പാക്കാനും വഞ്ചിക്കപ്പെടാതിരിക്കാനുമാണ് വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുന്നതെന്ന് പി.എച്ച്.കുര്യൻ 24 നോട് പറഞ്ഞു.
സംസ്ഥാനത്തെ നിർമ്മാണത്തിലുള്ള ഫ്‌ളാറ്റുകളുടേയും വില്ലകളുടേയും വിവരങ്ങൾ നൽകണമെന്ന് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ഉത്തരവിലൂടെ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. റിയൽ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഇത്. ഇതോടൊപ്പം പ്ലോട്ടുകൾ തിരിച്ച് വിൽപ്പന നടത്തുന്നവരുടെ വിശദാംശങ്ങളും തേടിയിരുന്നു. ഇതു ലഭിച്ചാൽ മാത്രമേ നിർമ്മാണം നിരീക്ഷിക്കാനും ജനങ്ങൾ കബളിപ്പിക്കപ്പെടുന്നത് ഒഴിവാക്കാനും അതോറിറ്റിക്ക് കഴിയുകയുള്ളൂ. എന്നാൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരിക്കുന്നില്ലെന്ന് ചെയർമാൻ പി.എച്ച്.കുര്യൻ പറഞ്ഞു.
ബിൽഡിംഗ് പെർമിറ്റ് നൽകിക്കഴിഞ്ഞാൽ തദ്ദേശഭരണ സ്ഥാപനങ്ങൾ നിർമ്മാണം നിരീക്ഷിക്കുന്നതുപോലുമില്ല. അതോറിറ്റിക്ക് ലഭിക്കുന്ന പല പരാതികളിലും ബിൽഡിംഗ് പെർമിറ്റ് പുതുക്കിയിട്ടില്ലെന്നും കണ്ടെത്തി.
സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കത്തതിലും പിഴ അടയ്ക്കാത്തതിലും എറണാകുളത്തെ നിർമ്മാതാക്കൾക്കെതിരെ റവന്യൂ റിക്കവറി നടപടിയെടുക്കാൻ അതോറിറ്റി ഉത്തരവിട്ടിട്ടുണ്ട്.
Story Highlights: real estate regulatory authority against local administration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here