പാനൂര്‍ കൊലപാതക കേസ് പ്രതിയുടെ മരണത്തില്‍ ദുരൂഹത; ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കണ്ണൂര്‍ പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷ് കൂലോത്തിന്റെ മരണത്തില്‍ ദുരൂഹത. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി രേഖപ്പെടുത്തും.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് ഇന്നലെ വൈകുന്നേരം ആണ് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയത്. വടകര റൂറല്‍ എസ്പി ഇന്നലെ രാത്രി മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. രതീഷിന്റെത് തൂങ്ങിമരണം എന്നായിരുന്നു പ്രാഥമിക സൂചന. എന്നാല്‍ യുഡിഎഫ് നേതൃത്വം മരണത്തില്‍ ആരോപണം ഉന്നയിച്ചിരുന്നു.
വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തിയ ശേഷമാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. രതീഷിനെ കൊന്ന് കെട്ടി തൂക്കിയതാണോ എന്ന് സംശയമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ പാനൂര്‍ യോഗത്തില്‍ പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കൂടുതല്‍ പരിശോധനകള്‍ പൊലീസ് നടത്തിയത്.
ഏപ്രില്‍ 9ാം തിയതി വൈകുന്നേരം പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മയാണ് കശുമാവിന്‍ തോട്ടത്തില്‍ രതീഷിന്റെ മൃതദേഹം ആദ്യം കണ്ടത്. രതീഷ് എങ്ങനെ ഇവിടെയെത്തിയെന്ന് പൊലീസ് അന്വേഷിക്കും. പ്രദേശവാസികളാരെങ്കിലും ഒളിത്താവളം ഒരുക്കി നല്‍കിയിരുന്നോയെന്നും പരിശോധിക്കും. ചെക്യാടുള്ള വര്‍ക്ക് ഷോപ്പിലെ ജീവനക്കാരനായിരുന്നു രതീഷ്.
Story Highlights: mansoor murder case, suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here