കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സ്പീക്കർ പി ശ്രീരാമകൃഷ്ണന് ന്യൂമോണിയ സ്ഥിരീകരിച്ചു

കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സ്പീക്കർ പി ശ്രീരാമകൃഷ്ണന് ന്യൂമോണിയ സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിദഗ്ധ ഡോക്ടർമാരുടെ സംഘം നിരീക്ഷിച്ചു വരികയാണ്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ശനിയാഴ്ചയാണ് സ്പീക്കറെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു.
അതേസമയം കൊവിഡ് ബാധിതരായി കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയനേയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഉമ്മൻചാണ്ടിയുടെയും ആരോഗ്യനില തൃപ്തികരമാണ്.
അതേസമയം, താൻ ജീവനൊടുക്കാൻ ശ്രമിച്ചുവെന്ന തരത്തിൽ വ്യാചപ്രചരണം നടത്തിയതിന് ക്രൈം നന്ദകുമാറിനെതിരെ സ്പീക്കർ വക്കീൽ നോട്ടിസ് അയച്ചു. സ്പീക്കർ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന രീതിയിൽ ക്രൈം സ്റ്റോറിയിലൂടെയും, ഓൺലൈൻ മാധ്യമത്തിലൂടേയും അപവാദ പ്രചരണം നടത്തിയതിനാണ് അഡ്വ ടി.കെ സുരേഷ് മുഖേന മാനനഷ്ടത്തിന് നോട്ടിസ് നൽകിയത്.
നോട്ടീസ് കിട്ടി ഏഴ് ദിവസത്തിനുള്ളിൽ സ്പീക്കർക്കെതിരെ അപവാദപ്രചരണം നടത്തിയ ലേഖനവും, വിഡിയോയും സമൂഹമാധ്യമങ്ങളിൽ നിന്നും പിൻവലിച്ച്, നിരുപാധികം മാപ്പു പറഞ്ഞില്ലെങ്കിൽ, സിവിലായും, ക്രിമിനലായും നടപടി സ്വീകരിയ്ക്കും എന്നാണ് നോട്ടിസിൽ വ്യക്തമാക്കിയിരിക്കുന്നത്.
Story Highlights: Sriramakrishnan covid diagnosed pneumonia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here