ഐഎസ്ആർഓ ഗൂഢാലോചനക്കേസ് സിബിഐ അന്വേഷിക്കും

ഐഎസ്ആർഓ ഗൂഢാലോചനക്കേസ് സിബിഐ അന്വേഷിക്കും. ജസ്റ്റിസ് ഡികെ ഹയിൻ സമിതിയുടെ റിപ്പോർട്ട് സിബിഐക്ക് കൈമാറാൻ സുപ്രിംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. റിപ്പോർട്ടിൻ്റെ ഉള്ളടക്കം പുറത്തുവിടരുതെന്നും കോടതി ഉത്തരവിട്ടു. മൂന്ന് മാസത്തിനകം സിബിഐ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
രണ്ടര വർഷം നീണ്ട സിറ്റിങുകൾക്കും അന്വേഷണത്തിനും ഒടുവിലാണ് ജസ്റ്റിസ് ഡികെ ജെയിൻ അധ്യക്ഷനായ സമിതി മുദ്ര വച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിലെ ഉള്ളടക്കം സുപ്രിംകോടതി ഇന്ന് പുറത്തുവിടുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് രണ്ടാമത്തെ കേസായി റിപ്പോർട്ട് പരിഗണിക്കുമ്പോൾ കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത തന്നെ ഹാജരായേക്കും.
ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ചാരക്കേസിൽ കുരുക്കിയവരുടെ പേരുകൾ തുറന്ന കോടതിയിൽ പുറത്തുവിട്ടാൽ കേന്ദ്രസർക്കാർ നിലപാട് നിർണായകമാകും. ദേശീയപ്രാധാന്യമുള്ള കേസാണെന്ന് മുൻകൂറായി തന്നെ സോളിസിറ്റർ ജനറൽ സുപ്രിംകോടതിയെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് തയ്യാറാണെന്ന് മുൻപ് പലഘട്ടങ്ങളിലും കേന്ദ്രം വ്യക്തമാക്കിയിരുന്നു. മുൻ ഡിജിപി സിബി മാത്യൂസ്, റിട്ടയേർഡ് എസ്.പിമാരായ കെകെ ജോഷ്വ, എസ് വിജയൻ, ഐബി ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെയായിരുന്നു നമ്പി നാരായണന്റെ ആരോപണങ്ങൾ. കോടതി ചോദിച്ചാൽ സംസ്ഥാന സർക്കാർ നിലപാട് അറിയിച്ചേക്കും.
Story Highlights: CBI to probe ISRO spy case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here