കുംഭമേളയിൽ പങ്കെടുത്ത നേപ്പാൾ മുൻ രാജാവിനും ഭാര്യക്കും കൊവിഡ്

കുംഭമേളയിൽ പങ്കെടുത്ത നേപ്പാൾ മുൻ രാജാവ് ഗ്യാനേന്ദ്ര ഷായ്ക്കും ഭാര്യ കോമൾ രാജ്യ ലക്ഷ്മി ദേവിക്കും കൊവിഡ്. മേളയിൽ പങ്കെടുത്ത് തിരിച്ചെത്തിയതിനു പിന്നാലെ ഇരുവർക്കും കൊവിഡ് പോസിറ്റീവായെന്ന് രാജ്യത്തെ ആരോഗ്യമന്ത്രാലയമാണ് അറിയിച്ചത്. ഞായറാഴ്ചയാണ് ഇരുവരും രാജ്യത്ത് മടങ്ങിയെത്തിയത്. രാജ്യത്ത് പ്രവേശിച്ചതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. നിലവിൽ ഇരുവരും വീട്ടിൽ ഐസൊലേഷനിലാണ്. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഏപ്രിൽ 8 ന് ഇന്ത്യയിലെത്തിയ ഇരുവരും 12ന് കുംഭമേളയിൽ പങ്കെടുത്തു. മഹാകുംഭമേള പ്രത്യേക സമിതിയുടെ ക്ഷണ പ്രകാരമാണ് ഇരുവരും മുഖ്യാതിഥികളായി മേളയിലെത്തിയത്. ബാബാ രാംദേവിൻറെ പതഞ്ജലി യോഗാപീഠത്തിലും ഗ്യാനേന്ദ്ര ഷാ സന്ദർശനം നടത്തിയിരുന്നു. ഏപ്രിൽ 11 ന് ഗ്യാനേന്ദ്ര ഷാ തീർത്ഥാടകരും സന്ന്യാസിമാരും അടങ്ങുന്ന സമ്മേളനത്തിൽ ഇവർ പങ്കെടുത്തു. മാസ്ക് ധരിക്കാതെയാണ് ഗ്യാനേന്ദ്ര ഷാ സമ്മേളനത്തിൽ പങ്കെടുത്തത്. ഇതിനെതിരെ കനത്ത വിമർശനവും ഉയർന്നിരുന്നു.
ഇന്ത്യയിൽ കൊവിഡ് പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്. പ്രതിദിന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വീണ്ടും രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,170 പേർക്കാണ് രാജ്യത്ത് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. തുടർച്ചയായി ഇത് ആറം ദിനമാണ് പ്രതിദിന കണക്ക് രണ്ടര ലക്ഷം കടക്കുന്നത്.
1761 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ കൊവിഡ് രോഗം മൂലം മരണപ്പെട്ടത്. ഇതോടെ രാജ്യത്താകെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1,80,530 ആയി ഉയർന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here