Advertisement

അടിയന്തിരഘട്ടങ്ങളില്‍ രക്തലഭ്യതയ്ക്ക് പോല്‍-ആപ്പില്‍ പുതിയ സംവിധാനം

April 21, 2021
2 minutes Read
Pol App new service for blood donation

രക്തം ലഭ്യമാകേണ്ടതായ അടിയന്തിര ഘട്ടങ്ങളില്‍ സഹായം നല്‍കാന്‍ കേരളാ പൊലീസും. കേരളാ പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ പോല്‍- ആപ്പിലാണ് ഇതിനായി പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രക്തം ദാനം ചെയ്യുന്നവരെയും രക്തം ആവശ്യമായി വരുന്നവരേയും പരസ്പരം ബന്ധിപ്പിക്കുകയാണ് പോല്‍- ആപ്പ് പുതിയ സംവിധാനത്തിലൂടെ. രക്തം ദാനം ചെയ്യാന്‍ താല്‍പര്യമുളളവര്‍ക്ക് പോല്‍-ആപ്പ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി പേര് രജിസ്റ്റര്‍ ചെയ്യാം. രക്തം ആവശ്യമുളളവരും ബ്ലഡ്ഗ്രൂപ്പ്, യൂണിറ്റ്, ആശുപത്രി, ബ്ലഡ്ബാങ്ക്, തീയതി എന്നീ വിവരങ്ങള്‍ നല്‍കി പോല്‍-ബ്ലഡില്‍ രജിസ്റ്റര്‍ ചെയ്യണം. പുതിയ സംവിധാനത്തിലൂടെ രക്തം ആവശ്യപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്നവരെ പൊലീസ് ബന്ധപ്പെട്ട് രക്തലഭ്യത ഉറപ്പാക്കും.

തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തുള്ള പോല്‍-ആപ്പ് കണ്‍ട്രോള്‍ റൂമാണ് പുതിയ സംവിധാനത്തിന്റെ നിയന്ത്രണം. സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ഈ സംവിധാനം നടപ്പിലാക്കിയത്. രാജ്യത്ത് ആദ്യമായാണ് ഒരു പോലീസ് സേന രക്തദാനത്തിനായി ഔദ്യോഗിക മൊബൈല്‍ ആപ്പ് സംവിധാനം ഒരുക്കിയിരിക്കുന്നതും. കാവലിനൊപ്പം കരുതലും എന്ന ആശയം മുന്‍നിര്‍ത്തിയാണ് പൊതുജനസേവനാര്‍ത്ഥം പൊലീസിന്റെ ഈ പുതിയ സംവിധാനം എന്ന് കേരളാ പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

അതേസമയം കഴിഞ്ഞ വര്‍ഷം ജൂണ്‍ 10 നാണ് പോല്‍- ആപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. മൂന്ന് ലക്ഷത്തോളം ഉപഭോക്താക്കളുള്ള പോല്‍ ആപ്പില്‍ പൊലീസിന്റെ 27 ല്‍ പരം സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

Story highlights: Pol App new service for blood donation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top