ഓക്സിജൻ സിലിണ്ടറുകൾ പൂഴ്ത്തിവച്ച് വില്പന; ഡൽഹിയിൽ ഒരാൾ അറസ്റ്റിൽ

ഓക്സിജൻ സിലിണ്ടറുകൾ പൂഴ്ത്തിവച്ച് വില്പന നടത്തിയ ആൾ പിടിയിൽ രാജ്യതലസ്ഥാനത്താണ് സംഭവം. ഡൽഹിയിൽ കടുത്ത ഓക്സിജൻ സിലിണ്ടർ ക്ഷാം നേരിടുന്നതിനിടെയാണ് ഇയാൾ സിലിണ്ടർ വില്പന നടത്തിയത്. സ്വന്തം വീട്ടിൽ വച്ച് തന്നെയായിരുന്നു കച്ചവടം. വീട്ടിൽ നിന്ന് 48 സിലിണ്ടറുകളും പൊലീസ് പിടിച്ചെടുത്തു.
32 വലിയ സിലിണ്ടറുകളും 16 ചെറിയ സിലിണ്ടറുകളുമാണ് ഡൽഹി പൊലീസ് പിടിച്ചെടുത്തത്. വീട്ടുടമ അനിൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാവസായിക ഓക്സിജൻ വിൽക്കുന്ന കച്ചവടമാണ് തനിക്ക് എന്ന് അവകാശപ്പെട്ടെങ്കിലും അതിന് തെളിവ് ഹാജരാക്കാൻ ഇയാൾക്ക് കഴിഞ്ഞില്ല. 51കാരനായ ഇയാൾ 12500 രൂപയ്ക്കാണ് ചെറിയ ഓക്സിജൻ സിലിണ്ടറുകൾ വിറ്റഴിച്ചുകൊണ്ടിരുന്നത്. വലിയ സിലിണ്ടറുകളിൽ നിന്ന് ചെറിയ സിലിണ്ടറുകളിലേക്ക് ഓക്സിജൻ മാറ്റിയായിരുന്നു വില്പന. പിടിച്ചെടുത്ത സിലിണ്ടറുകൾ പൊലീസ് ശനിയാഴ്ച ആവശ്യക്കാർക്ക് വിതരണം ചെയ്യും.
ഓക്‌സിജൻ വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്നത് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. ഓക്‌സിജൻ ലഭ്യത, വിതരണം എന്നിവ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തര ഉന്നതതല യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് തീരുമാനം.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങൾ നേരിടുന്ന ഓക്‌സിജൻ ക്ഷാമം പരിഹരിക്കാനാണ് നടപടി. ഓക്‌സിജൻ ഉത്പാദനം വർധിപ്പിക്കണമെന്നും അന്തർ സംസ്ഥാന ഓക്‌സിജൻ വിതരണം തടസപ്പെടുത്തരുതെന്നും പ്രധാനമന്ത്രി ഉത്തരവിട്ടു.
Story highlights: 48 Oxygen Cylinders Seized From A House In Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here