ഇന്ത്യയിലെ ഓക്സിജൻ പ്രതിസന്ധി; പിഎം കെയേഴ്സിലേക്ക് 37 ലക്ഷത്തിലധികം രൂപ സംഭാവന ചെയ്ത് പാറ്റ് കമ്മിൻസ്

ഇന്ത്യയിലെ ഓക്സിജൻ പ്രതിസന്ധിക്ക് കൈത്താങ്ങായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഓസീസ് പേസർ പാറ്റ് കമ്മിൻസ്. പിഎം കെയേഴ്സിലേക്ക് 50000 യുഎസ് ഡോളറാണ് കമ്മിൻസ് സംഭാവന നൽകിയത്. 37 ലക്ഷത്തിലധികം ഇന്ത്യൻ രൂപയാണ് ഇത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ കമ്മിൻസ് തന്നെയാണ് വിവരം അറിയിച്ചത്.
37,36,335 രൂപയാണ് കമ്മിൻസ് പിഎം കെയേഴ്സിലേക്ക് സംഭാവനയായി നൽകിയത്. ‘കഴിഞ്ഞ വർഷങ്ങളായി ഇന്ത്യ എനിക്ക് പ്രിയപ്പെട്ട ഒരു ഇടമായിരിക്കുന്നു. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സ്നേഹമുള്ള, കാരുണ്യമുള്ള ജനതയാണ് ഇന്ത്യക്കാർ. ഈ സമയത്ത് ഒരുപാട് പേർ ബുദ്ധിമുട്ടുന്നു എന്നത് എന്നെ വളരെ ദുഖിപ്പിക്കുന്നു. കൊവിഡ് കേസുകൾ ഇത്ര വർധിച്ചിരിക്കുമ്പോൾ ഐപിഎൽ നടത്തുന്നതിനെപ്പറ്റി ചില ചർച്ചകൾ ഉയരുന്നുണ്ട്. ജനത ലോക്ക്ഡൗണിലായിരിക്കുമ്പോൾ അവർക്ക് നൽകാൻ പറ്റിയ ഏതാനും മണിക്കൂറുകളുടെ മാനസിലോല്ലാസമാണ് ഐപിഎൽ എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കളിക്കാർ എന്ന നിലയിൽ, ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം ഉണ്ടെന്ന പ്രിവിലേജ് ഞങ്ങൾക്കുണ്ട്. അത് നന്മക്കായി ഉപയോഗിക്കാം. അത് മനസ്സിലാക്കി, പിഎം കെയേഴ്സ് ഫണ്ടിലേക്ക് ഞാൻ ഒരു തുക സംഭാവന നൽകുന്നു. പ്രത്യേകിച്ചും ഇന്ത്യയിലെ ആശുപത്രികൾക്കുള്ള ഓക്സിജൻ ഉപകരണങ്ങൾ വാങ്ങാനാണ് തുക. മറ്റ് ഐപിഎൽ താരങ്ങളോടും, ഇന്ത്യയുടെ മഹാമനസ്കതയും സ്നേഹവും അനുഭവിച്ചിട്ടുള്ളവരോടും സംഭാവന നൽകാൻ ഞാൻ അഭ്യർത്ഥിക്കുന്നു. 50000 ഡോളർ കൊണ്ട് ഞാൻ അതിനു തുടക്കമിടുന്നു. ഇത്തരം സമയങ്ങളിൽ നിസ്സഹായനെന്ന് തോന്നാൻ എളുപ്പമാണ്. ഇത് അല്പം വൈകിയോ എന്ന് എനിക്ക് തോന്നുന്നുണ്ട്. പക്ഷേ, ഇങ്ങനെയൊരു പ്രവൃത്തി കൊണ്ട് നമ്മുടെ വികാരങ്ങൾ എന്തെങ്കിലുമൊക്കെ ചെയ്യുന്നതിലേക്ക് മാറ്റുമെന്നും അതുവഴി ആളുകളുടെ ജീവിതത്തിൽ പ്രകാശം പരത്താൻ സാധിക്കുമെന്നും ഞാൻ കരുതുന്നു.’- കമ്മിൻസ് കുറിച്ചു.
Story highlights: Pat Cummins donates $50000 to PM Cares Relief Fund
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here