കേരളം ലോക്ക്ഡൗണിലേക്ക് പോകാതിരിക്കണമെങ്കിൽ ജനങ്ങൾ ജാഗ്രത പുലർത്തണം : മുഖ്യമന്ത്രി

മറ്റു സംസ്ഥാനങ്ങളിൽ ഉണ്ടായ പോലെ ലോക്ക്ഡൗണിലേയ്ക്ക് പോകുന്ന സാഹചര്യം ഇവിടേയും ഉടലെടുക്കാതിരിക്കണമെങ്കിൽ ജനം ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജീവനൊപ്പം ജീവനോപാധികൾ കൂടെ സംരക്ഷിക്കുന്നതിനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും പക്ഷേ, അതിനു നാടിന്റെ പരിപൂർണമായ സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവാഹം ഉൾപ്പെടെയുള്ള പരിപാടികൾ സർക്കാർ അനുവദിച്ച പരമാവധി ആളുകളെ വച്ച് നടത്തിയാലോ എന്നല്ല, മറിച്ച്, അതു തത്ക്കാലം മാറ്റി വച്ചാലോ എന്നാണ് നമ്മൾ ചിന്തിക്കേണ്ടത്. നമ്മൾ ആഹ്‌ളാദപൂർവം നടത്തുന്ന കാര്യങ്ങൾ ദുരന്തങ്ങൾക്കിടയാക്കുന്ന സന്ദർഭങ്ങളായി മാറുന്നത് അനുചിതമാണെന്ന് മനസ്സിലാക്കണം. നിലവിലെ സാഹചര്യത്തിൽ ആളുകൾ കൂടുന്ന പരിപാടികൾ എല്ലാം ഒഴിവാക്കാൻ നാം തയ്യാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
‘സംരക്ഷിക്കേണ്ടത് മനുഷ്യരുടെ ജീവനാണ് എന്ന ഉത്തമബോധ്യം നമുക്ക് വേണം. ഇനിയും അതിനു തയ്യാറായില്ലെങ്കിൽ വലിയ വിപത്താണ് നമ്മൾ ഉടനടി നേരിടേണ്ടി വരിക. മറ്റു സംസ്ഥാനങ്ങളിലെ കാഴ്ചകൾ നിങ്ങൾ കാണുന്നില്ലേ. അതിവിടേയും ആവർത്തിക്കണമോ എന്നു ചിന്തിക്കുക. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി പ്രവർത്തിക്കാനുള്ള പക്വത കാണിക്കണം. അതിനാവശ്യമായ പൗരബോധം കൈമുതലായുള്ള സമൂഹമാണ് നമ്മുടേത്. നമുക്കതിനു സാധിക്കും എന്നത് സുനിശ്ചിതമാണ്’- മുഖ്യമന്ത്രി പറഞ്ഞു.
Story highlights: covid 19, people should be vigilant to avoid lockdown says cm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here