ബിഹാർ ചീഫ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു

ബിഹാർ ചീഫ് സെക്രട്ടറി അരുൺ കുമാർ സിങ് കൊവിഡ് ബാധിച്ച് മരിച്ചു. പറ്റ്നയിലെ ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 2021 ഫെബ്രുവരി 28നാണ് ബീഹാർ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്.
രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 3,86,452 പുതിയ കൊവിഡ് കേസുകളാണ്. പതിനായിരം കേസുകളുടെ വർധനയാണുണ്ടായിരിക്കുന്നത്.
3498 പേർ ഈ സമയത്തിനുള്ളിൽ മരണപ്പെട്ടു. രോഗമുക്തി നിരക്ക് 82.10 ശതമാനമായി കുറഞ്ഞു. മഹാരാഷ്ട്രയിലും ഡൽഹിയിലും മരണനിരക്ക് വർധിക്കുന്നുണ്ട്. ബംഗളൂരു നഗരത്തിൽ കൊവിഡ് വ്യാപന തോത് കൂടുന്നു. 20,000ത്തിൽ അധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. കൂടുതൽ നിയന്ത്രണങ്ങൾ തീരുമാനിക്കും. കൊവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യ വ്യാപക നിയന്ത്രണങ്ങൾ ആലോചിക്കണം എന്ന് നീതി ആയോഗ് ഉന്നതാധികാര സമിതി നിർദേശിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകാൻ ആഴ്ചകൾ വേണ്ടി വരുമെന്നും നിഗമനം.
രാജ്യവ്യാപക ലോക്ക് ഡൗൺ ഒഴിവാക്കാൻ ഉള്ള അവസാന ശ്രമങ്ങളിലാണ് കേന്ദ്ര സർക്കാർ. കർശന പ്രാദേശിക നിയന്ത്രണങ്ങളിലൂടെ സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തിൽ കൂടുതലുള്ള പ്രദേശങ്ങൾ അതിതീവ്രവ്യാപന മേഖലകളായി കണക്കാക്കി പ്രതിരോധ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
Story highlights: Bihar chief secretary Arun Kumar Singh dies while undergoing Covid treatment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here