ധർമ്മരാജന് പണം നൽകിയത് കച്ചവട ആവശ്യത്തിന്; ബിജെപിയുമായി നിലവിലുള്ളത് മിസ്ഡ് കോൾ മെമ്പർഷിപ്പ് മാത്രമെന്ന് സുനിൽ നായിക്ക്

ധർമ്മരാജന് താൻ പണം നൽകിയത് കച്ചവട ആവശ്യത്തിനെന്ന് മുൻ യുവമോർച്ചാ നേതാവ് സുനിൽ നായിക്ക് ട്വന്റിഫോറിനോട്. തനിക്ക് ബിജെപയുമായി നിലവിൽ മിസ്ഡ് കോൾ മെമ്പർഷിപ്പ് ബന്ധം മാത്രമാണുള്ളതെന്നും സുനിൽ നായിക്ക് പറഞ്ഞു.
കൊടകര കുഴൽപ്പണ കവർച്ചാ കേസ് ബിജെപി-ആർഎസ്എസ് ഉന്നത നേതൃത്വത്തിലേക്ക് നീങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ ആണ് സുനിൽ നായിക്കിന്റെ വെളിപ്പെടുത്തൽ. നേരത്തെ ബിജെപി ഭാരവാഹിത്വത്തിലുണ്ടായിരുന്നുവെന്നും നിലവിൽ മിസ്ഡ് കോൾ അംഗത്വം മാത്രമാണുള്ളതെന്നും സുനിൽ നായിക്ക് പറഞ്ഞു. ധർമ്മരാജനുമായി പത്ത് വർഷത്തിലേറെയായി പണമിടപാടുകളുണ്ട്. താൻ ധർമ്മരാജന്
നൽകിയത് 25 ലക്ഷം രൂപ മാത്രമാണെന്നും സുനിൽ നായിക്ക് വെളിപ്പെടുത്തി.
അതേസമയം, സുനിൽ നായിക്കിന്റെയും ധർമ്മരാജന്റെയും മൊഴികൾ അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ഇവരെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിന് മുന്നോടിയായി നിലവിൽ റിമാൻഡിലുള്ള ബിജെപി പ്രവർത്തകൻ ദീപക്ക്
അടക്കമുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. എത്ര പണമാണ് കാറിലുണ്ടായിരുന്നത് എന്നതിനെ കുറിച്ച് പൊലീസിന് ഇപ്പോഴും കൃത്യമായ വിവരമില്ല. 25ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ് ധർമ്മരാജന്റെ ഡ്രൈവർ ഷംജീറിന്റെ പരാതിയിലുള്ളത്. എന്നാൽ ഇതിനേക്കാൾ അധികം തുക കേസിലെ ഒമ്പാതാംപ്രതിയുടെ വീട്ടിൽ നിന്ന് മാത്രം കണ്ടെടുത്തു. ഇതോടെയാണ് കൂടുതൽ പണം കടത്തിയിരുന്നെന്ന കാര്യത്തിൽ
പൊലീസിന് വ്യക്തത വന്നത്.
കേസിലെ പ്രധാന പ്രതികളായ അലി, സുജീഷ്, രഞ്ജിത്ത് എന്നിവർക്കായി അന്വേഷണം തുടരുകയാണ് പൊലീസ്. ഒപ്പം കേസിലെ പരാതിക്കാരനായ ഷംജീറിന്റെ സഹായി റഷീദിനായും ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിട്ടുണ്ട്.
Story highlights: sunil naik, yuvamorcha, dharmarajan, kodakara hawala case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here