അർസാൻ നാഗ്‌വസ്‌വല്ല; ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സ്ക്വാഡിൽ ഇടം പിടിച്ച താരത്തെ അറിയാം

ന്യൂസീലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത് അല്പം മുൻപാണ്. ഭുവനേശ്വർ കുമാർ, ഹർദ്ദിക് പാണ്ഡ്യ, കുൽദീപ് യാദവ്, പൃഥ്വി ഷാ തുടങ്ങിയ താരങ്ങളൊക്കെ പുറത്തായപ്പോൾ ടീമിൽ ഇടം നേടിയ ഒരു സുപ്രധാന പേരുണ്ട്. അർസാൻ നാഗ്‌വസ്‌വല്ല. 23 വയസ്സുള്ള ഗുജറാത്തുകാരൻ ലെഫ്റ്റ് ആം പേസർ.
ക്രിക്കറ്റ് ലോകത്ത് അധികം കേട്ടിട്ടില്ലാത്ത ഈ യുവതാരം സ്റ്റാൻഡ് ബൈ താരമായാണ് ടീമിൽ ഇടം നേടിയത്. നിലവിൽ ഇന്ത്യയിലെ ആഭ്യന്തര മത്സരങ്ങൾ കളിക്കുന്ന ഒരേയൊരു പാഴ്സി ക്രിക്കറ്ററാണ് അർസാൻ. സ്ഥിരമായി 140 കിലോമീറ്ററിനു മുകളിൽ പന്തെറിയുന്ന അർസാൻ കഴിഞ്ഞ രണ്ട് സീസണുകളായി മികച്ച പ്രകടനങ്ങൾ നടത്തി ശ്രദ്ധ നേടുന്നുണ്ട്.
ട്രെൻ്റ് ബോൾട്ട്, നീൽ വാഗ്നർ എന്നീ ലെഫ്റ്റ് ആം പേസർമാരെ നേരിടാൻ ഇന്ത്യൻ ബാറ്റ്സ്മാന്മാരെ സഹായിക്കുന്നതിനായാണ് അർസാനെ സ്റ്റാൻഡ് ബൈ താരമായി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗുജറാത്തിലെ സൂറത്തിൽ ജനിച്ച അർസാൻ 2017-18 വിജയ് ഹസാരെ ട്രോഫിയിലാണ് ആദ്യമായി ആഭ്യന്തര മത്സരം കളിക്കുന്നത്. തൊട്ടടുത്ത വർഷം രഞ്ജിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും അരങ്ങേറി. 16 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 62 വിക്കറ്റുകൾ സ്വന്തമാക്കിയ അർസാൻ 20 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 39 വിക്കറ്റുകളും 15 ടി-20കളിൽ നിന്ന് 21 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
Story Highlights: All You Need To Know About Arzan Nagwaswalla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here