എറണാകുളത്ത് കൂടുതല്‍ ഡൊമിസിലറി കെയര്‍ സെന്ററുകള്‍ ആരംഭിക്കാന്‍ നിര്‍ദേശം

കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയില്‍ കൂടുതല്‍ ഡൊമിസിലറി കെയര്‍ സെന്ററുകള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്കി കളക്ടര്‍ എസ് സുഹാസ്. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും അതാത് പ്രദേശത്ത് കുറഞ്ഞത് ഒരു ഡൊമിസിലറി കെയര്‍ സെന്ററോ എഫ്എല്‍ടിസിയോ മൂന്ന് ദിവസത്തിനകം ആരംഭിക്കണമെന്നാണ് നര്‍ദേശം.
ജില്ലയിലെ മിക്ക തദ്ദേശ സ്ഥാപനങ്ങളും ഇതിനോടകം തന്നെ ഡിസിസികളും എഫ്എല്‍ടിസികളും ആരംഭിച്ചിട്ടുണ്ട്. ഇനിയും ആരംഭിച്ചിട്ടില്ലാത്തവര്‍ മൂന്ന് ദിവസത്തിനകം കൊവിഡ് ചികിത്സാ സൗകര്യങ്ങള്‍ സജ്ജമാക്കണമെന്നും കളക്ടര്‍.
ബിപിസിഎല്ലിന്റെ നേതൃത്വത്തില്‍ റിഫൈനറി സ്കൂളില്‍ തയാറാക്കുന്ന 500 ഓക്സിജന്‍ ബെഡുകള്‍ക്കു പുറമേ സര്‍ക്കാര്‍ തന്നെ 1000 ഓക്സിജന്‍ ബെഡുകള്‍ കൂടി സജ്ജമാക്കും. അഡ്ലക്സില്‍ 500 ബെഡുകളും ക്രമീകരിക്കുന്നുണ്ട്. ഇവിടങ്ങളിലേക്കായി രണ്ടായിരം നഴ്സുമാരെയും ഇരുന്നൂറ് ഡോക്ടര്‍മാരെയും നിയമിക്കുന്നതിനുള്ള നടപടികള്‍ തിങ്കളാഴ്ച ആരംഭിക്കും. വിദേശ രാജ്യങ്ങളില്‍ പഠിച്ച് നാട്ടിലുള്ളവര്‍, ഇന്റേണ്‍സ്, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സേവനവും ആവശ്യമെങ്കില്‍ പ്രയോജനപ്പെടുത്തും. ആയുഷ് ഡോക്ടര്‍മാരെ കൂടി ഉള്‍പ്പെടുത്താനുള്ള നടപടികള്‍ പരിഗണിക്കുന്നുണ്ട്.
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂനമ്മാവിലെ മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസികളുടെ കേന്ദ്രം എഫ്എല്‍ടിസിയാക്കി മാറ്റും. വടവുകോട് – പുത്തന്‍കുരിശ് പഞ്ചായത്ത്, ചെങ്ങമനാട്, പുത്തന്‍വേലിക്കര, ചേന്ദമംഗലം പഞ്ചായത്തുകള്‍ ആരംഭിക്കുന്ന സിഎഫ്എല്‍ടിസികള്‍ക്ക് യോഗം അനുമതി നല്കി.
തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ക്കായി എഫ്എല്‍ടിസി ആരംഭിക്കുന്നതിന് കെട്ടിടം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ തൊഴിലുടമകളും ഒരു കെട്ടിടം നല്‍കും.
കൊച്ചി കോര്‍പറേഷനില്‍ ആകെ എട്ട് മൊബൈല്‍ ആംബുലന്‍സ് ക്ലിനിക്കുകളാണ് ആരംഭിക്കുന്നത്. ഇതില്‍ രണ്ടെണ്ണം പ്രവര്‍ത്തനമാരംഭിച്ചു. അടുത്ത ആംബുലന്‍സ് തിങ്കളാഴ്ച പ്രവര്‍ത്തനമാരംഭിക്കും. കൊച്ചി സാമുദ്രികയില്‍ 100 ഓക്്സിജന്‍ ബെഡുകള്‍ ക്രമീകരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ജയിലുകളില്‍ രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ പ്രത്യേക ബ്ലോക്കുകള്‍ എഫ്എല്ടിസികളാക്കി മാറ്റും. ഇതു വഴി ജയില്‍ വളപ്പില്‍ തന്നെ കൊവിഡ് രോഗികളെ ചികിത്സിക്കാനാകും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി വരികയാണ്.
താലൂക്ക് ആശുപത്രികളില്‍ നിന്ന് രോഗം കുറവാകുന്ന രോഗികളെ ഡിസിസികളിലേക്ക് മാറ്റുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതിനായി ഫോര്‍ട്ടുകൊച്ചി പണ്ഡിറ്റ് കറുപ്പന് ഹാള്‍, തൃപ്പൂണിത്തുറ ഒഇഎന്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ സജ്ജമാണ്.
സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പനി ക്ലിനിക്കുകള്‍ കൊവിഡ് ആശുപത്രിയായി മാറ്റുന്നതിനുള്ള നടപടികളും ആരംഭിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രി കൊവിഡ് ചികിത്സയ്ക്ക് അധിക നിരക്ക് ഈടാക്കിയ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിഎംഒയോട് നിര്‍ദേശിച്ചുവെന്നും കളക്ടര്‍.
Story Highlights: covid 19, ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here