Advertisement

‘സ്വന്തം വിസര്‍ജ്യത്തിന് മേല്‍ രണ്ട് ദിവസം; ചികിത്സ ലഭിക്കാതെ കണ്‍മുന്നില്‍ മരണങ്ങള്‍’; ഡല്‍ഹിയിലെ നടുക്കുന്ന കൊവിഡ് അനുഭവം പങ്കുവച്ച് യുവാവ്

May 9, 2021
1 minute Read

ഡല്‍ഹിയിലെ നടുക്കുന്ന കൊവിഡ് അനുഭവം പങ്കുവച്ച് യുവാവ്. എളമരം കരീം എംപിയുടെ പേഴ്‌സണല്‍ സ്റ്റാഫായ രാഹുല്‍ ചൂരലാണ് തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. കൊവിഡ് ബാധിച്ചു ഡല്‍ഹിയില്‍ അഡ്മിറ്റ് ആയ ദിവസങ്ങളില്‍ അനുഭവിക്കേണ്ടിവന്ന കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഉള്ള് കാളുമെന്നാണ് രാഹുല്‍ പറയുന്നത്.

കൊവിഡ് ബാധിച്ച് ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിയുന്ന സമയത്ത് മൂന്ന് പേരാണ് കണ്‍മുന്നില്‍ മരിച്ചു വീണതെന്ന് രാഹുല്‍ പറയുന്നു. വേണ്ടത്ര ചികിത്സയോ ശ്രദ്ധയോ കിട്ടാതെയായിരുന്നു ആ മരണങ്ങള്‍.
കൃത്യമായി ജോലി ചെയ്യാന്‍ താത്്പര്യമില്ലാത്ത ആരോഗ്യപ്രവര്‍ത്തകര്‍ കാരണം മലമൂത്ര വിസര്‍ജനം പോലും ശരിയായി നടത്താന്‍ പറ്റാതെ ഒരു സമയത്ത് സ്വന്തം വിസര്‍ജ്യത്തിനുമേല്‍ രണ്ടു ദിവസത്തോളം കഴിയേണ്ടിവന്നു. അവിടെ നിന്ന് എങ്ങനെയോ രക്ഷപ്പെട്ടു കേരളത്തില്‍ എത്തിയതുകൊണ്ടുമാത്രമാണ് ജീവന്‍ തിരിച്ചുകിട്ടിയത്. തന്റെ അനുഭവം രണ്ട് ആരോഗ്യ സംസ്‌കാരങ്ങളുടെയും സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യ പരിപാലന സംവിധാനങ്ങളുടെ കാര്യക്ഷമതയുടെയും ആരോഗ്യ പ്രവര്‍ത്തകരുടെ പരിചരണത്തിലെയും പെരുമാറ്റത്തിലെയും വ്യത്യാസത്തിന്റെയും നേര്‍ സാക്ഷ്യമാണ്. കൊവിഡ് തനിക്കും ഉറ്റവര്‍ക്കും ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ വീണ്ടും ഓര്‍ക്കുമ്പോള്‍ അതിലെ ഡല്‍ഹി എപ്പിസോഡ് ഭീതിയുളവാക്കുന്ന ഒന്നായി മനസില്‍ തങ്ങിനില്‍ക്കുന്നുവെന്ന് രാഹുല്‍ കുറിച്ചു.

ഏപ്രില്‍ 16ന് രാത്രി മുതലാണ് കൊറോണ വൈറസ് തന്റെ ശരീരത്തിലും കടന്നുകൂടിയതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതെന്ന് രാഹുല്‍ പറയുന്നു. ഡല്‍ഹിയിലെ അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമെല്ലാം ഒന്നുരണ്ടു ദിവസം മുന്നേ പനിയും തൊണ്ടവേദനയും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. എല്ലാ ദിവസവും ഒന്നിച്ചുണ്ടാകുന്നവരില്‍ തനിക്ക് മാത്രമാണ് അത്തരം പ്രശ്‌നങ്ങള്‍ ഒന്നും അതുവരെ ഇല്ലാതിരുന്നത്. എന്നാല്‍ 16ന് രാത്രി മുതല്‍ കാര്യങ്ങള്‍ പെട്ടെന്ന് മാറിമറിഞ്ഞു. ശരീരമാസകലം വേദനയും വിറയലും. തലവേദന കൊണ്ട് ഉറങ്ങാന്‍ പറ്റുന്നില്ല. കയ്യിലുണ്ടായിരുന്ന ഗുളിക കഴിച്ചെങ്കിലും പ്രത്യേകിച്ച് പ്രയോജനമൊന്നും ഉണ്ടായില്ല. അങ്ങനെ താനും വീണു. പ്രതീക്ഷിച്ചപോലെ ചില്ലറക്കാരനായിരുന്നില്ല ഉള്ളില്‍ കയറിയ വൈറസ് എന്ന് പതിയെ മനസിലായി. 18ന് കൊവിഡ് ടെസ്റ്റ് ചെയ്തു. വീട്ടില്‍ വന്ന് സാമ്പിള്‍ എടുത്ത ലാബുകാരന്‍ റിസള്‍ട്ട് വരാന്‍ രണ്ട് ദിവസം എടുക്കും എന്ന് അറിയിച്ചു. പിന്നീടുള്ള ദിവസങ്ങള്‍ അതികഠിനമായിരുന്നുവെന്ന് രാഹുല്‍ പറയുന്നു.

Story Highlights: covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top