Advertisement

സ്വകാര്യ ആശുപത്രികളുടെ കൊള്ള അവസാനിപ്പിച്ച് സർക്കാർ: കൊവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ച് ഉത്തരവിറക്കി; അഭിനന്ദിച്ച് ഹൈക്കോടതി

May 10, 2021
4 minutes Read

സ്വകാര്യ ആശുപത്രികളുടെ ചികിത്സാച്ചെലവുകളുടെ നിരക്ക് ഏകീകരിച്ച് ഉത്തരവിറക്കി സംസ്ഥാന സർക്കാർ. പിപിഇ കിറ്റുകൾ മുതൽ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഏകീകരിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികൾക്കും, നഴ്സിംഗ് ഹോമുകൾക്കും ഈ ഉത്തരവ് ബാധകമാണ്. 

സ്വകാര്യ ആശുപത്രി അസോസിയേഷനുകളുമായി ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ചർച്ച നടത്തിയ ശേഷമാണ് നിരക്കിൽ ഏകീകരണം വരുത്താൻ തീരുമാനിച്ചതെന്നും സർക്കാർ അറിയിച്ചു.

ആശുപത്രികൾക്ക് മുന്നിൽ കൊവിഡ് ചികിത്സകളുടെയും മരുന്നുകളുടെയും വസ്തുക്കളുടെയും ഡോക്ടർമാരുടെയും നഴ്സ്മാരുടെയും സേവനങ്ങളുടെയും നിരക്കുകൾ എഴുതി പ്രദർശിപ്പിക്കണമെന്നും, ഇതിൽ നിന്ന് ഒരു രൂപ പോലും കൂടരുതെന്നും, സർക്കാർ നിർദേശിക്കുന്നു. വെബ്സൈറ്റുകളിലും ഈ നിരക്കുകൾ കൃത്യമായി പ്രദർശിപ്പിക്കണം.

നിശ്ചയിച്ചതിലും കൂടുതൽ നിരക്ക് ഈടാക്കിയെന്ന് കണ്ടെത്തിയാൽ പത്തിരട്ടി തുക പിഴയായി ഒടുക്കേണ്ടി വരും. പിപിഇ കിറ്റുകൾ, പൾസ് ഓക്സിമീറ്ററുകൾ, ഓക്സിജൻ സിലിണ്ടറുകൾ, മറ്റ് അനുബന്ധവസ്തുക്കൾ എന്നിവയ്ക്ക് കൊള്ളവില ഈടാക്കിയാൽ കടുത്ത നടപടി ജില്ലാ കളക്ടർ നേരിട്ട് സ്വീകരിക്കും. രോഗികളെത്തിയാൽ അഡ്വാൻസ് തുക ഈടാക്കിയ ശേഷം മാത്രം അഡ്മിഷൻ എന്ന നിലപാടെടുത്താലും നടപടിയുണ്ടാകും. ഈ നിരക്കുകൾ അടിയന്തരമായി നടപ്പാക്കാൻ തീരുമാനിച്ചതായും സർക്കാർ കോടതിയെ അറിയിച്ചു.

ചികിത്സാ നിരക്ക് ഇങ്ങനെ:

●ജനറൽ വാർഡ്

NABH അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരു ദിവസത്തെ നിരക്ക് 2645 രൂപ,
NABH അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ 2910 രൂപ.

●ഹൈ ഡിപ്പൻഡൻസി യൂണിറ്റ്

NABH അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരു ദിവസത്തെ നിരക്ക് 3795 രൂപ,
NABH അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ 4175 രൂപ.

●ഐസിയു 

NABH അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരു ദിവസത്തെ നിരക്ക് 7800 രൂപ,
NABH അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ 8580 രൂപ.

● വെന്‍റിലേറ്ററോട് കൂടി ഐസിയു

NABH അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരു ദിവസത്തെ നിരക്ക് 13800 രൂപ,
NABH അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ 15180 രൂപ.

റജിസ്ട്രേഷൻ ചാർജുകൾ, ബെഡ് നിരക്ക്, നഴ്സിംഗ്- ബോർഡിംഗ് നിരക്ക്, സർജൻ/അനസ്ത്രീസിസ്റ്റ്, മെഡിക്കൽ പ്രാക്ടീഷണേഴ്സ്, കൺസൾട്ടന്‍റ് നിരക്കുകൾ, അനസ്തേഷ്യ, ബ്ലഡ് ട്രാൻസ്ഫ്യൂഷൻ, ഓക്സിജൻ, മരുന്നുകൾ, പാഥോളജി- റേഡിയോളജി ടെസ്റ്റുകൾ, എക്സ് റേ, യുഎസ്ജി, ഹെമാറ്റോളജി, പാഥോളജി എന്നിവയ്ക്ക് 15 ദിവസം വരെയുള്ള നിരക്കുകൾ എല്ലാം ചേർത്താണ് ഈ തുകയെന്നും ഉത്തരവിൽ സർക്കാർ പറയുന്നു. 

എന്നാൽ സി ടി ചെസ്റ്റ്, എച്ച്ആർസിടി ചെസ്റ്റ് ഇൻവെസ്റ്റിഗേഷനുകൾക്കും, പിപിഇ കിറ്റുകൾക്കും, റെംഡെസിവിർ, Tocilizumab ഉൾപ്പടെയുള്ള മരുന്നുകളും ഇതിലുൾപ്പെടില്ല. പക്ഷേ, പിപിഇ കിറ്റുകൾക്കടക്കം, വിപണി വില മാത്രമേ ഈടാക്കാവൂ എന്ന് ഉത്തരവിൽ വ്യക്തമായി പറയുന്നു. 

ആർടിപിസിആർ നിരക്കുകൾ സർക്കാർ നിശ്ചയിച്ച അതേ തുകയ്ക്കേ നടത്താവൂ. Xpert NAT, TRUE NAT, RT -LAM, RAPID Antigen എന്നീ ടെസ്റ്റുകൾക്കും അധിക തുക ഈടാക്കാൻ പാടില്ല. 

ജനറൽ വാർഡുകളിൽ കഴിയുന്ന രോഗികളിൽ നിന്ന് ദിവസം രണ്ട് പിപിഇ കിറ്റിന്‍റെയും, ഐസിയു രോഗികളിൽ നിന്ന് അഞ്ച് പിപിഇ കിറ്റിന്‍റെയും തുകയേ ഇടാക്കാവൂ. ഇത് തന്നെ എംആർപിയിൽ നിന്ന്, വിപണി വിലയിൽ നിന്ന് ഒരു രൂപ കൂടരുത്. 

Story Highlights: excessive rates for covid treatment at private hospitals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top