തെരഞ്ഞെടുപ്പ് തോൽവികൾ ഗൗരവമുള്ളത്; പാഠം പഠിച്ചില്ലെങ്കിൽ കോൺഗ്രസിനു മുന്നോട്ടുപോവാനാവില്ലെന്ന് സോണിയ ഗാന്ധി

തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേരിട്ട പരാജയം ഗൗരവമുള്ളതെന്ന് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. തിരിച്ചടിയിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ ശരിയായ ദിശയിൽ മുന്നോട്ടുപോവാനാവില്ലെന്ന് മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പു ഫലം വിലയിരുത്താൻ ചേർന്ന പ്രവർത്തക സമിതി യോഗത്തിലാണ് സോണിയയുടെ വിമർശനം.
കോൺഗ്രസിന്റെ അവസ്ഥയിൽ നിരാശയുണ്ട്. തെരഞ്ഞെടുപ്പു ഫലം പരിശോധിക്കാൻ സമിതിയെ നിയോഗിക്കും. എത്രയും പെട്ടെന്നു സമിതി റിപ്പോർട്ട് നൽകണമെന്നും സോണിയ ആവശ്യപ്പെട്ടു. കേരളത്തിലും അസമിലും വിജയിക്കാനാവാത്തത് എന്തുകൊണ്ടെന്ന് ഗൗരവത്തോടെ പരിശോധിക്കണം. പശ്ചിമ ബംഗാളിൽ ഒരു സീറ്റ് പോലും നേടാനാവാത്ത സാഹചര്യവും അറിയിക്കണം. യാഥാർഥ്യത്തെ നേരിട്ടുകൊണ്ടല്ലാതെ പാർട്ടിക്കു മുന്നോട്ടുപോവാനാവില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു.
അഞ്ചു സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തമിഴ്നാട്ടിൽ മാത്രമാണ് കോൺഗ്രസിന് അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്. ബംഗാളിൽ ഇടതു സഖ്യത്തിനൊപ്പം മത്സരിച്ച പാർട്ടി ഒരു സീറ്റിലും ജയിച്ചില്ല. അസമിലും കോൺഗ്രസ് പ്രതിപക്ഷത്തു തുടരാനാണ് ജനവിധി.
Story Highlights: Assembly Election Result 2021, Soniya Gandhi, Indian National Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here