‘ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും തീച്ചൂളയില്‍ സ്ഫുടം ചെയ്‌തെടുത്ത രാഷ്ട്രീയക്കരുത്തിന്റെ ഉടമ’; ഗൗരിയമ്മയെ അനുസ്മരിച്ച് തോമസ് ഐസക്

കെ. ആര്‍ ഗൗരിയമ്മയെ അനുസ്മരിച്ച് ഡോ. ടി. എം. തോമസ് ഐസക്. ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും തീച്ചൂളയില്‍ സ്ഫുടം ചെയ്‌തെടുത്ത രാഷ്ട്രീയക്കരുത്തിന്റെ ഉടമ ഇനി ചരിത്രത്തിന്റെ ഭാഗമെന്ന് തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു. അസാമാന്യമായ ജീവിതം നയിച്ചാണ് സഖാവ് ഗൗരിയമ്മ കേരള ചരിത്രത്തില്‍ തിളക്കമുള്ള ഒരേട് സ്വന്തമാക്കിയത്. ഒളിവുജീവിതവും ജയില്‍വാസവും കൊടിയ പീഡനങ്ങളും പിന്നിട്ട്, പുതിയ തലമുറയ്ക്ക് ഒരേ സമയം അത്ഭുതവും അമ്പരപ്പും വിസ്മയവും മാതൃകയുമായ ജീവചരിത്രത്തിന്റെ ഉടമയാണ് ഗൗരിയമ്മയെന്നും തോമസ് ഐസക് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സഖാവ് ഗൗരിയമ്മ വിടവാങ്ങി. ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും തീച്ചൂളയില്‍ സ്ഫുടം ചെയ്‌തെടുത്ത രാഷ്ട്രീയക്കരുത്തിന്റെ ഉടമ ഇനി ചരിത്രത്തിന്റെ ഭാഗം. അസാമാന്യമായ ജീവിതം നയിച്ചാണ് സഖാവ് ഗൗരിയമ്മ കേരള ചരിത്രത്തില്‍ തിളക്കമുള്ള ഒരേട് സ്വന്തമാക്കിയത്. ഒളിവുജീവിതവും ജയില്‍വാസവും കൊടിയ പീഡനങ്ങളും പിന്നിട്ട്, പുതിയ തലമുറയ്ക്ക് ഒരേ സമയം അത്ഭുതവും അമ്പരപ്പും വിസ്മയവും മാതൃകയുമായ ജീവചരിത്രത്തിന്റെ ഉടമ.
സര്‍ സി.പിയുടെ മര്‍ദ്ദക ഭരണത്തിനെതിരെ തിരുവിതാംകൂറില്‍ അലയടിച്ച പ്രതിഷേധവും പുന്നപ്ര വയലാര്‍ സമരവുമാണ് സഖാവ് ഗൗരിയമ്മയെ സജീവ രാഷ്ട്രീയത്തിലേയ്‌ക്കെത്തിച്ചത്. അനീതിയ്‌ക്കെതിരെ രണ്ടുംകല്‍പ്പിച്ച് സമരമുഖത്തിറങ്ങി. പി. കൃഷ്ണപിള്ളയില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വം. ഒന്നാം ഇഎംഎസ് മന്ത്രിസഭയില്‍ അംഗം. ഭൂപരിഷ്‌കരണ നിയമത്തിന് ചുക്കാന്‍ പിടിക്കാന്‍ ചരിത്രനിയോഗം. വനിതകള്‍ വീട്ടിനു പുറത്തിറങ്ങാന്‍ മടിക്കുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗത്വമെടുത്തവര്‍ പൊതുരംഗത്തേയ്ക്കിറങ്ങി. അസാധാരണമായ ആ മനക്കരുത്തിനു മുന്നില്‍ പ്രതിസന്ധികള്‍ മുട്ടുമടക്കി. അഭിഭാഷകയും മികച്ച വാഗ്മിയുമായിരുന്ന ഗൗരിയമ്മ മികച്ച സംഘാടകയായി മാറി.
കേരളം കണ്ട ഏറ്റവും മികച്ച ഭരണതന്ത്രജ്ഞരില്‍ മുന്‍നിരയിലുണ്ട് ഗൗരിയമ്മ. കാര്യങ്ങള്‍ പഠിക്കാനും മനസിലാക്കാനും നടപ്പിലാക്കാനുമുള്ള അവരുടെ കഴിവ് അസാമാന്യമായിരുന്നു. ഫയലിന്റെ സാങ്കേതികത്വവും ചുവപ്പുനാടയുടെ കുരുക്കും അവരുടെ നിശ്ചയദാര്‍ഢ്യത്തിനും കലര്‍പ്പില്ലാത്ത ജനപക്ഷ സമീപനത്തിനും മുന്നില്‍ താനേ അഴിഞ്ഞു വീണു. അധികാരം പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ ഉപയോഗിക്കണമെന്ന നിഷ്‌കര്‍ഷ എക്കാലവും സഖാവിനുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രത്തിലേയ്ക്ക് കേരളം സംഭാവന ചെയ്ത ചെങ്കനലാണ് സഖാവ് ഗൌരിയമ്മ. സ്വന്തം ജീവചരിത്രം നാടിന്റെ ചരിത്രമാക്കിയ അപൂര്‍വം പേരിലൊരാള്‍.
സഖാവിന് വിട.
Story Highlights: k r qouriamma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here