മമതയുടെ വിമർശനം മറികടന്ന് ബംഗാളിലെ രാഷ്ട്രീയ സംഘർഷം നടന്ന മേഖലകള്‍ സന്ദര്‍ശിച്ച് ഗവർണർ

പശ്ചിമ ബംഗാളിൽ രാഷ്ട്രീയ സംഘർഷം നടന്ന മേഖലകള്‍ സന്ദർശിച്ച് ഗവർണർ ജഗ്ദീപ് ധാന്‍കര്‍. അക്രമം നടന്ന കൂച്ച് ബിഹാറിലാണ് ഗവര്‍ണര്‍ സന്ദർശം നടത്തുന്നത്. സന്ദർശനം ചട്ട ലംഘനമാണെന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ വിമർശനം തള്ളിയാണ് ജഗ്‍ദീപ് ധാൻകറിന്‍റെ സന്ദർശനം. സിതാല്‍കുച്ചി,മാതാബംഗ, സിതായ്, ദിൻഹാത്ത എന്നീ സംഘർഷ സ്ഥലങ്ങളാണ് ഗവര്‍ണര്‍ സന്ദർശിക്കുന്നത്.
അക്രമത്തിനരയായവരുടെ കുടുംബങ്ങളുമായും ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തി വിവരം തേടും.കൂടാതെ അക്രമങ്ങളില്‍ നിന്ന് രക്ഷതേടി അസമില്‍ അഭയം തേടിയവരെ കാണാന്‍ നാളെ അസമിലേക്കും ഗവര്‍ണർ പോകുന്നുണ്ട്.
എന്നാല്‍ കൂച്ച് ബിഹാറില്‍ സന്ദർശനം നടത്തുമെന്ന് ഗവർണര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മമതയും ഗവർണറും വീണ്ടും വാക്ക് പോരിലേക്ക് കടന്നിരുന്നു. സംസ്ഥാന സർക്കാരിന്‍റെ അനുമതിയില്ലാതെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ചട്ടങ്ങളുടെ ലംഘനമാണെന്നായിരുന്നു മമത വിമർശനമുന്നയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മമത ഗവർണര്‍ക്ക് കത്തയക്കുകയും ചെയ്തു. എന്നാല്‍ വിമര്‍ശനം തള്ളിയ ഗവർണര്‍ ഭരണഘടന വ്യവസ്ഥകളെ കുറിച്ചുള്ള പ്രാഥമിക അജ്ഞതയാണ് മമതയുടേതെന്ന് മറുപടി കത്തില്‍ പരിഹസിച്ചു.
മമത ബാനർജിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ നടന്ന അക്രമണങ്ങളില്‍ നടപടിവേണമെന്ന ഗവര്‍ണറുടെ പരാമർശവും മുഖ്യമന്ത്രിയുമായുള്ള വാക്പോരിലേക്ക് കടന്നിരുന്നു. ബംഗാളിലെ തൃണമൂല്‍ ബിജെപി സംഘര്‍ഷത്തില്‍ ഇതുവരെ പതിനാറ് പേര്‍ മരിച്ചെന്നാണ് സർക്കാര്‍ കണക്ക്. ബിഎസ്എഫ് ഹെലികോപ്ടറിലാണ് ബംഗാള്‍ ഗവർണർ സന്ദര്‍ശനം നടത്തുന്നത്.
Story Highlights: Governor Jagdeep dhankhar visits areas of political conflict in Bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here