‘ദി ഹണ്ട്രഡിനു’ പിന്നാലെ വിമൻസ് ബിഗ് ബാഷ് ലീഗിലും കളിക്കാനൊരുങ്ങി ഷഫാലി വർമ

‘ദി ഹണ്ട്രഡിനു’ പിന്നാലെ വിമൻസ് ബിഗ് ബാഷ് ലീഗിലും കളിക്കാനൊരുങ്ങി ഇന്ത്യൻ കൗമാര താരം ഷഫാലി വർമ. രണ്ട് തവണ കിരീടം നേടിയ സിഡ്നി സിക്സേഴ്സ് ആണ് ഷഫാലിയെ ടീമിലെത്തിച്ചിരിക്കുന്നത്. ഷഫാലിക്കൊപ്പം യുവ ലെഫ് ആം സ്പിന്നർ രാധ യാദവും ഇത്തവണ ബിഗ് ബാഷ് ലീഗിൽ അരങ്ങേറും. സിഡ്നി സിക്സേഴ്സോ സിഡ്നി തണ്ടേഴ്സോ രാധ യാദവിനെ ടീമിലെത്തിച്ചിട്ടുണ്ടെന്ന് ഇഎസ്പിഎൻ ക്രിക്ക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.
“ഷഫാലി സിഡ്നി സികേഴ്സുമായി കരാർ ഒപ്പിട്ടിട്ടുണ്ട്. പ്രായപൂർത്തി ആയിട്ടില്ലാത്തതുകൊണ്ട് എൻ്റെ സമ്മതം കൂടി നൽകേണ്ടിവന്നു. ബിസിസിഐക്കും ഹരിയാന ക്രിക്കറ്റ് അസോസിയേഷനും നന്ദി അറിയിക്കുന്നു. ഹരിയാന ക്രിക്കറ്റ് അസോസിയേഷൻ്റെ പിന്തുണയില്ലാതെ അവൾക്ക് ഇങ്ങനെ ഒരു അവസരം ലഭിക്കുമായിരുന്നില്ല.”- ഷഫാലിയുടെ പിതാവ് സഞ്ജീവ് വർമ പറഞ്ഞതായി ഇഎസ്പിഎൻ ക്രിക്ക്ഇൻഫോ റിപ്പോർട്ട് ചെയ്തു.
സ്മൃതി മന്ദന, ജമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ, ദീപ്തി ശർമ്മ എന്നിവരാണ് നിലവിൽ വിമൻസ് ബിബിഎൽ കളിക്കുന്നത്.
കിവീസ് ഓൾറൗണ്ടർ സോഫി ഡിവൈൻ നയിക്കുന്ന ബർമിംഗ്‌ഹാം ഫീനിക്സിനു വേണ്ടിയാവും ദി ഹണ്ട്രഡിൽ ഷഫാലി പാഡണിയുക. സോഫിക്ക് പകരമാണ് ഷഫാലിയെ ടീമിൽ എത്തിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ ടൂർണമെൻ്റിൽ കളിക്കുന്ന ഇന്ത്യൻ താരങ്ങളുടെ എണ്ണം അഞ്ചായി.
Story Highlights: Shafali Verma Set to play WBBL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here