Advertisement

ബ്ലാക്ക് ഫംഗസ്; അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

May 15, 2021
1 minute Read
black fungus covid

കൊവിഡ് രോഗികളിലും അസുഖം ഭേദമായവരിലും കാണുന്ന ‘മ്യൂക്കോമൈകോസിസ്’ (ബ്ലാക്ക് ഫംഗസ്) എന്ന പൂപ്പല്‍ ബാധയ്ക്കെതിരേ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രാലയം. വലിയ രോഗവ്യാപനമായി ബ്ലാക്ക് ഫംഗസ് മാറാതിരിക്കാന്‍ സ്ഥിതിഗതികള്‍ കേന്ദ്രം നിരീക്ഷിക്കുകയാണെന്നും നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ പറഞ്ഞു. ബ്ലാക്ക് ഫംഗസ് മഹാരാഷ്ട്രയില്‍ 2000 പേരില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

അന്തരീക്ഷത്തില്‍ സാധാരണയായുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസ് ഉണ്ടാക്കുന്ന രോഗമാണ് കൊവിഡിന്റെ കാഠിന്യം വര്‍ധിപ്പിക്കുന്നത്. കൊവിഡില്‍ നിന്ന് സുഖം പ്രാപിക്കുന്നവര്‍, പ്രമേഹ രോഗികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവരില്‍ ഫംഗസ് എളുപ്പം പ്രവേശിക്കും.

രോഗബാധിതരില്‍ പത്ത് പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. നിരവധി പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. സമാനമായി ഡല്‍ഹിയിലും ഒട്ടേറെപ്പേരില്‍ രോഗം കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രമേഹം നിയന്ത്രണവിധേയമാകാത്ത രോഗികള്‍, സ്റ്റിറോയ്ഡ് ഉപയോഗം മൂലം പ്രതിരോധശേഷി കുറഞ്ഞവര്‍, ദീര്‍ഘകാലം ഐ.സി.യു.വിലും ആശുപത്രിയിലും കഴിഞ്ഞവര്‍, മറ്റു രോഗങ്ങളുള്ളവര്‍, ഗുരുതര പൂപ്പല്‍ബാധയ്ക്കും മറ്റും ചികിത്സയെടുക്കുന്നവര്‍ എന്നിവരാണ് പ്രധാനമായും ബ്ലാക്ക് ഫംഗസ് ഭീഷണിയില്‍ ഉള്ളത്.

Read Also : വാക്‌സിൻ എടുത്തവർക്ക് മാസ്‌ക് നിർബന്ധമില്ല; സുപ്രധാന ഇളവുമായി അമേരിക്ക

പൂപ്പല്‍ ബാധയെ അവഗണിക്കരുതെന്നും അതീവ ജാഗ്രതപുലര്‍ത്തണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നെറ്റി, മൂക്ക്, കവിള്‍, കണ്ണുകള്‍, പല്ല് എന്നിവിടങ്ങളില്‍ ചര്‍മ രോഗം പോലെയാണ് പൂപ്പല്‍ബാധ ആദ്യം പ്രത്യക്ഷപ്പെടുക. പിന്നീടത് കണ്ണുകളിലേക്കും തലച്ചോറ്, ശ്വാസകോശം എന്നിവിടങ്ങളിലേക്കും പടരും. മൂക്കിന് ചുറ്റും നിറവ്യത്യാസം സംഭവിക്കുകയോ കാഴ്ച മങ്ങുകയോ ചെയ്യും.

നെഞ്ചുവേദന, ശ്വാസതടസം, ചുമച്ച് ചോരതുപ്പല്‍ എന്നിവയും ബ്ലാക്ക് ഫംഗസ് രോഗ ലക്ഷണമാണ്. ബ്ലാക്ക് ഫംഗസ് വലിയ രോഗവ്യാപനമായി മാറാതിരിക്കാന്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കേന്ദ്രം നിരീക്ഷിക്കുകയാണെന്ന് ഡോ. വി.കെ. പോള്‍ പറഞ്ഞു. സ്വയം ചികിത്സയും സ്റ്റിറോയ്ഡിന്റെ അമിത ഉപയോഗവും നിയന്ത്രിക്കണം എന്ന് അദ്ദേഹം നിര്‍ദേശിച്ചു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top