ജാഗ്രത വേണം; കേരളത്തിൽ അടുത്ത 24 മണിക്കൂർ കൂടി ടൗട്ടേ ചുഴലിക്കാറ്റിന്റെ പ്രഭാവം തുടരുമെന്ന് മുഖ്യമന്ത്രി

അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റിന്റെ പ്രഭാവം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചുഴലിക്കാറ്റ് കൂടുതൽ കരുത്താർജിച്ചതായി അദ്ദേഹം പറഞ്ഞു. ചുഴലിക്കാറ്റിൻ്റെ കേന്ദ്രം കേരളതീരത്ത് നിന്നും വടക്കോട്ട് പോയെങ്കിലും കേരളത്തിൽ ചുഴലിക്കാറ്റിൻ്റെ പ്രഭാവം തുടരുകയാണെന്നും അടുത്ത 24 മണിക്കൂർ കൂടി കേരളത്തിൽ ചുഴലിക്കാറ്റിൻ്റെ പ്രഭാവമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
അതേസമയം, കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വ്യാപക മഴ തുടരുകയാണ്. രണ്ട് ദിവസമായുള്ള കാറ്റും മഴയും മൂലം വ്യാപക നാശമുണ്ടായി. കാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റെ കണക്ക് പ്രകാരം രണ്ട് ദിവസത്തിൽ കേരളത്തിൽ ആകെ രേഖപ്പെടുത്തിയത് 145.5 മില്ലിമീറ്ററാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ, കാലവർഷം ശക്തമാവുകയും വെള്ളപ്പൊക്കത്തിന് സാധ്യതയും വന്നാൽ സർക്കാർ നൽകുന്ന നിർദേശങ്ങൾ പൂർണമനസോടെ സ്വീകരിക്കാൻ എല്ലാവരും തയ്യാറാവണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ക്യാമ്പിലേക്ക് വന്നാൽ കൊവിഡ് വരുമെന്ന ആശങ്ക കാരണം പോകാതിരിക്കരുതെന്നും ഡിസാസ്റ്റര്‍ മാനേജ്മെൻ്റ അതോറിറ്റി സുരക്ഷിതമായി ക്യാമ്പുകൾ നടത്താൻ വേണ്ട മാർഗനിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: CM Pinarayi vijayan about Tauktae Cyclone, Kerala rain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here