ടൗട്ടേ ചുഴലിക്കാറ്റ്; കൊച്ചി തീരത്തുനിന്ന് 12 മത്സ്യബന്ധന തൊഴിലാളികളെ രക്ഷപ്പെടുത്തി

ടൗട്ടേ ചുഴലിക്കാറ്റിൽ അകപ്പെട്ട 12 മത്സ്യബന്ധ തൊഴിലാളികളെ രക്ഷപ്പെടുത്തി. കൊച്ചി തീരത്തുനിന്ന് ഏകദേശം 35 നോട്ടിക്കൽ മൈൽ അകലെ ഒറ്റപ്പെട്ടുപോയ ആളുകളെയാണ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയത്. കോസ്റ്റ് ഗാർഡിൻ്റെ ആര്യമാൻ എന്ന കപ്പലാണ് മത്സ്യത്തൊഴിലാളികളെ കരയ്ക്കെത്തിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
അതേസമയം, ടൗട്ടേ ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിലും നേരത്തെ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ മുന്നറിയിപ്പ്. ഗുജറാത്തിലെ പോർബന്തറിനും ഭാവ് നാഗരിനും ഇടയിൽ ചുഴലി കാറ്റ് ഇന്ന് വൈകീട്ടോടെ തന്നെ എത്തും എന്നാണ് പുതിയ പ്രവചനം. ചൊവ്വാഴ്ച രാവിലെ കരയിൽ എത്തും എന്നായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത് എന്നാൽ ചുഴലിക്കാറ്റിൻറെ സഞ്ചാര വേഗത വർധിച്ചതാണ് നേരത്തെ എത്താൻ കാരണം.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ചുഴലിക്കാറ്റിനെ നേരിടാൻ ഉള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തി. ഗുജറാത്തിലെ തീരപ്രദേശങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് പേരെ ഒഴിപ്പിച്ചു. മഹാരാഷ്ട്രയിലെ കാറ്റ് ബാധിക്കാനിടയുള്ള പ്രദേശങ്ങളിൽ നിന്ന് കൊവിഡ് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.
മഹാരാഷ്ട്രയിൽ ഇന്ന് നടത്തേണ്ട കൊവിഡ് വാക്‌സിൻ കുത്തിവയ്പുകൾ റദ്ദാക്കി. ഇരു സംസ്ഥാനങ്ങളിലും എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രദേശത്ത് ശക്തമായ കാറ്റും മഴയും തുടരുകയാണ്. കർണാടക, ഗോവ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ചാണ് ചുഴലികാറ്റ് മഹാരാഷ്ട്ര തീരത്തോട് അടുത്തത്.
Story Highlights: Coast Guard rescues 12 fishermen off Kochi coast
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here