മുഖ്യമന്ത്രി കഴിഞ്ഞാൽ പ്രായ കൂടുതൽ കെ കൃഷ്ണൻകുട്ടിക്ക്; ചെറുപ്പം വീണാ ജോർജിന്

രണ്ടാം പിണറായി വിജയൻ സർക്കാറിൽ മുഖ്യമന്ത്രി കഴിഞ്ഞാൽ പ്രായം കൂടിയ അംഗം ജെ.ഡി.എസ്സിന്റെ കെ കൃഷ്ണൻകുട്ടിയാണ്. 76 വയസുള്ള അദ്ദേഹം പാലക്കാട് ചിറ്റൂരിൽ നിന്നുള്ള എം.എൽ.എ ആണ്. ഒന്നാം പിണറായി സർക്കാറിലും അംഗമായിരുന്നു കെ കൃഷ്ണൻകുട്ടി.
ജലവിഭവ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന അദ്ദേഹം, കഴിഞ്ഞ മന്ത്രിസഭയുടെ കാലാവധി ഏകദേശം പകുതിയായപ്പോഴാണ് മന്ത്രി ആയത്. യു.ഡി.എഫിന്റെ സുമേഷ് അച്യുതനും എൻ.ഡി.എയുടെ വി. നടേശനുമായിരുന്നു കൃഷ്ണൻകുട്ടിയുടെ എതിരാളികൾ. 33,878 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്.
പത്തനംതിട്ടയിൽ നിന്നുള്ള ആദ്യ വനിത മന്ത്രി വീണാ ജോർജിനാണ് പ്രായം കുറവ്. 44 വയസുള്ള വീണാ സംസ്ഥാനത്ത് മന്ത്രിപദവിയിലെത്തുന്ന ആദ്യ മാധ്യമപ്രവർത്തകയാണ്. കോൺഗ്രസിലെ കെ.കെ ശ്രീനിവാസനുശേഷം ആറന്മുളയിൽ നിന്ന് തുടർച്ചയായി രണ്ടുവട്ടം തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൂടിയാണ് വീണാ ജോർജ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here