കൗതുകകരമായ സമാനതകളുമായി എം ബി രാജേഷും പി. ശ്രീരാമകൃഷ്ണനും

രണ്ടാം പിണറായി വിജയൻ സർക്കാർ സ്പീക്കറായി തെരഞ്ഞെടുത്ത എം.ബി രാജേഷും കഴിഞ്ഞ നിയമസഭയിൽ സ്പീക്കറായിരുന്ന പി. ശ്രീരാമകൃഷ്ണനും തമ്മിൽ കൗതുകകരമായ ചില സാമ്യതകളുണ്ട്. മലപ്പുറം ജില്ലയിലെ ശ്രീരാമകൃഷ്ണൻ സ്ഥാനമൊഴിയുമ്പോൾ പകരം വരുന്ന അയൽജില്ലക്കാരനായ രാജേഷ്.
പഠന കാലം തൊട്ടു ശ്രീരാമകൃഷ്ണന്റെ പിൻഗാമിയായി എം.ബി. രാജേഷുണ്ട്. ഇരുവരും ബിരുദപഠനം നടത്തിയത് ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിലാണ്. കോളേജ് രാഷ്ട്രീയം എസ്.എഫ്‌ഐയിൽ തുടങ്ങി ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് പദവി വരെയും ഇരുവരും എത്തി.
എൻ.എസ്.എസ് കോളേജ് യൂണിറ്റ് പ്രസിഡണ്ട് (എസ്.എഫ്.ഐ), പാലക്കാട് ജില്ലാ പ്രസിഡണ്ട് പദവികളിൽ തുടങ്ങി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡണ്ട്, സെക്രട്ടറി പദവികളിലും സമാനത തുടർന്നു. ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് സ്ഥാനം രാജേഷ് ഏറ്റെടുത്തതും ശ്രീരാമകൃഷ്ണനിൽ നിന്നുതന്നെ.
സ്വകാര്യ ജീവിതത്തിലുമുണ്ടൊരു സമാനത. ഇരുവർക്കും മക്കൾ രണ്ട്. മൂത്ത മകൾക്ക് ഇരുവരും ഇട്ടത് ഒരേ പേര് തന്നെ: നിരഞ്ജന. ശ്രീരാമകൃഷ്ണന് ശേഷം സഭയും സ്പീക്കർ വസതിയായ നീതിയും ഒരുങ്ങുന്നത് എം.ബി. രാജേഷിനെ സ്വീകരിക്കാനാണ്. ചരിത്രം കുറിച്ച് ഇടതുപക്ഷം തുടർഭരണം നേടിയതിനു ശേഷമുള്ള ആ മികവ് സഭയിലും എം.ബി രാജേഷ് പുറത്തെടുക്കുമെന്നു കരുതാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here