ടി-20 ലോകകപ്പ്; ബിസിസിഐ യോഗം ഈ മാസം 29ന്

ടി-20 ലോകകപ്പുമായി ബന്ധപ്പെട്ട ബിസിസിഐ യോഗം ഈ മാസം 29ന്. രാജ്യത്തെ കൊവിഡ് ബാധ കണക്കിലെടുത്ത് ലോകകപ്പ് വേദി മാറ്റണോ വേണ്ടയോ എന്ന് യോഗത്തിൽ തീരുമാനിക്കും. വിഡിയോ കോൺഫറൻസിലൂടെയാവും യോഗം. ജൂൺ ഒന്നിനാണ് ഐസിസി യോഗം. ഇതിനു മുന്നോടിയായി ലോകകപ്പിൻ്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കുകയാവും ബിസിസിഐ യോഗത്തിൻ്റെ പ്രധാന ലക്ഷ്യം.
“ഐസിസി യോഗം ജൂൺ ഒന്നിനു നടക്കും. അതിനു മുൻപ്, രാജ്യത്ത് നടക്കുന്ന ടി-20 ലോകകപ്പുമായി ബന്ധപ്പെട്ട് എന്തൊക്കെ മുന്നൊരുക്കങ്ങൾ വേണമെന്ന് തീരുമാനിക്കാൻ ഞങ്ങൾ മെയ് 29നു യോഗം ചേരും.”- ബിസിസിഐ പ്രതിനിധി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
9 വേദികളാണ് ബിസിസിഐ ലോകകപ്പിനു വേണ്ടി തീരുമാനിച്ചിരിക്കുന്നത്. അഹ്മദാബാദ്, മുംബൈ, കൊൽക്കത്ത, ന്യൂ ഡൽഹി, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ധരംശാല, ലക്നൗ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഈ വേദികളെപ്പറ്റിയും യോഗത്തിൽ ചർച്ചയുണ്ടാവും. അതാത് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുകൾക്ക് ഒരുക്കങ്ങൾ ആരംഭിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും തീരുമാനം വൈകിയേ ഉണ്ടാവൂ എന്നും ബിസിസിഐ പ്രതിനിധി അറിയിച്ചു.
അതേസമയം, വരുന്ന സീസണിൽ പുതിയ രണ്ട് ഐപിഎൽ ടീമുകളെ കൂടി ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് ബിസിസിഐ താത്കാലിക ബ്രേക്കിട്ടു എന്ന് സൂചനയുണ്ട്. പുതിയ ടീമുകളെ അവതരിപ്പിക്കാൻ പറ്റിയ സമയം ഇതല്ലെന്നും നിലവിൽ നിർത്തിവച്ചിരിക്കുന്ന സീസണിൻ്റെ ഭാവി പരിഗണിച്ച് മാത്രമേ തീരുമാനം എടുക്കൂ എന്നും ബിസിസിഐ പ്രതിനിധി പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Story Highlights: BCCI Meeting On May 29 To Discuss Hosting T20 World Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here