ഉത്തർപ്രദേശിലെ 64% ഗ്രാമങ്ങളും കൊവിഡ് മുക്തമായെന്ന് സർക്കാർ

പുതിയ ടെസ്റ്റിംഗ് ഡാറ്റാ പ്രകാരം സംസ്ഥാനത്തെ 64% ഗ്രാമങ്ങളും കൊവിഡ് വിമുക്തമായെന്ന് ഉത്തർപ്രദേശ് സർക്കാർ. രണ്ടാം തരംഗത്തിൽ യു.പി. യിലെ ഗ്രാമീണ മേഖലകളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
ബുധനാഴ്ചത്തെ ആരോഗ്യ ബുള്ളറ്റിൻ പ്രകാരം 24 മണിക്കൂറിനുള്ളിൽ 2,97,327 സാമ്പിളുകളാണ് പരിശോധിച്ചിരുന്നത്. അതിൽ 73 ശതമാനത്തിലധികവും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളതാണെന്ന് സർക്കാർ അറിയിച്ചു. 7,336 പുതിയ കേസുകൾ കണ്ടെത്തി, 282 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 19,669 രോഗികൾ കൂടി രോഗത്തിൽ നിന്ന് കരകയറിയെന്നും സർക്കാർ കൂട്ടിച്ചേർത്തു.
പകർച്ചവ്യാധി തടയുന്നതിനുള്ള നിരന്തര പരിശ്രമങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന മോണിറ്ററിംഗ് കമ്മിറ്റികൾക്ക് ഗ്രാമീണ മേഖലയിൽ പ്രതിദിനം ഒരു ലക്ഷത്തിലധികം പരിശോധനകൾ നടത്തേണ്ടിയിരുന്നെന്നും സംസ്ഥാന ഭരണകൂടം പ്രസ്താവനയിൽ പറഞ്ഞു. മെയ് 5 ന് ആരംഭിച്ച കൊവിഡ് സ്ക്രീനിംഗ് ക്യാമ്പെയിന്റെ ഭാഗമായി കമ്മിറ്റി അംഗങ്ങൾ 79,512 ഗ്രാമങ്ങൾ സന്ദർശിച്ചിരുന്നു. ഈ ഗ്രാമങ്ങളിൽ 28,742 (36%) രോഗബാധിതരെ കണ്ടെത്തി. 60,589 മോണിറ്ററിംഗ് കമ്മിറ്റികളിലെ നാല് ലക്ഷത്തിലധികം അംഗങ്ങളുടെ സഹായത്തോടെയാണ് ടെസ്റ്റിംഗ് നടത്തിയതെന്ന് സർക്കാർ അറിയിച്ചു.
കമ്മിറ്റികളുടെ ഭാഗമായ സിവിൽ സൊസൈറ്റി ഗ്രൂപ്പുകളായ ആശ, അംഗൻവാടി, എ.എൻ.എം. എന്നിവരുടെ പ്രതിനിധികൾ സംശയാസ്പദമായ കേസുകൾ തിരിച്ചറിയുന്നതിലൂടെയും, പരിശോധനകൾ വേഗത്തിലാക്കുന്നതിലൂടെയും, ചികിത്സ വേഗത്തിൽ സാധ്യമാക്കുന്നതിലൂടെയും രോഗത്തിൽ നിന്ന് ആളുകളെ സംരക്ഷിച്ചു. വൈറസ് പടരാതിരിക്കാൻ ഗ്രാമപ്രദേശങ്ങളിൽ പ്രത്യേക ശുചിത്വ ക്യാമ്പയിൻ ആരംഭിച്ചതായും ഭരണകൂടം അറിയിച്ചു. ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സാമൂഹിക അകലം പാലിക്കുന്നതിനെക്കുറിച്ചും അവബോധം വളർത്തുന്നതിനായി മോണിറ്ററിംഗ് കമ്മിറ്റികളിലെ അംഗങ്ങൾ ഗ്രാമീണരെ സമീപിച്ചിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
Story Highlights: 64 percent of UP states freed from covid says govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here