സമരഭൂമിയിൽ പുഷ്പാർച്ചന നടത്തി മുഖ്യമന്ത്രിയും നിയുക്തമന്ത്രിമാരും

പുന്നപ്ര-വയലാർ സ്മാരകങ്ങളിൽ പുഷ്പചക്രം അർപ്പിച്ച് സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങി പിണറായി വിജയനും നിയുക്തമന്ത്രിമാരും. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിസഭയിലെ 21 അംഗങ്ങളും മഹാമാരിക്കിടെ, കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമരഭൂമിയിൽ ആദരമർപ്പിക്കാനെത്തി.
മന്ത്രിമാർക്കൊപ്പം ആലപ്പുഴ എംപി എ.എം ആരിഫും ആലപ്പുഴയിലെ പാർട്ടി നേതാക്കളും ചടങ്ങിനെത്തിയിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ സത്യപ്രതിജ്ഞാ ദിവസം വലിയ ജനപ്രവാഹം ഉണ്ടായിരുന്നിടത്താണ് ഇത്തവണ ആൾക്കൂട്ടമില്ലാതെ, എന്നാൽ ആവേശത്തോടെ രക്തസാക്ഷികളുടെ സമരഭൂമിയിൽ പുഷ്പചക്രം അർപ്പിച്ചു.
നിയുക്ത സ്പീക്കർ എം.ബി രാജേഷ്, എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ എന്നിവരും എത്തി. രണ്ടാമൂഴത്തിൽ തുടർഭരണം നേടിയ പിണറായി സർക്കാർ വൈകിട്ട് മൂന്നരയോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും.
സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിപക്ഷം വെർച്വൽ ആയി പങ്കെടുക്കും. 24ന് നിയമസഭ ചേരും. നിയുക്ത മന്ത്രിമാർ, എംഎൽഎമാർ, ജഡ്ജിമാർ ഉൾപ്പെടെ 500 പേർക്കാണ് സെൻട്രൽ സ്റ്റേഡിയത്തിലെ പ്രത്യേക വേദിയിൽ ക്ഷണമുള്ളത്.
Story Highlights: pinarayi vijayan visites punnapra vayalar memorial
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here